ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള ഭീകരസംഘടനകള്‍ക്ക് പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ താവളം ഒരുക്കി നല്‍കുന്നത് തുടരുകയാണെന്ന് യുഎസ് റിപ്പോര്‍ട്ട്. അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ ‘പാകിസ്ഥാനിലെ തീവ്രവാദികളും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയെ, പ്രത്യേകിച്ചും ജമ്മു കശ്മീരിനെ ലക്ഷ്യം വെക്കുന്ന ഗ്രൂപ്പുകള്‍ക്കാണ് പ്രധാനമായും സഹായം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ട് മാര്‍ച്ച് 25 നാണ് പ്രസിദ്ധീകരിച്ചത്. വിദേശ ഭീകരസംഘടനകളായി യുഎസ് നിയമപ്രകാരം പ്രഖ്യാപിച്ചിട്ടുള്ള 15 ഗ്രൂപ്പുകളില്‍ 12 എണ്ണവും ഇസ്ലാമിക തീവ്രവാദ പ്രത്യയശാസ്ത്രം പിന്തുടരുന്നവയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടില്‍ ഭീകരസംഘടനകളെ അഞ്ചു കാറ്റഗറികളായാണ് തിരിച്ചിട്ടുള്ളത്.

ഒന്നാമത്തേത് ഇന്ത്യയെ, പ്രത്യേകിച്ചും കശ്മീര്‍ കേന്ദ്രീകരിച്ചുള്ളതാണ്. ലോകത്തെ മൊത്തത്തില്‍ കേന്ദ്രീകരിച്ചുള്ളത്, അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ടത്, ആഭ്യന്തര ഭീകരഗ്രൂപ്പുകള്‍, ഷിയ വിരുദ്ധ ഗ്രൂപ്പുകള്‍ എന്നിങ്ങനെയാണ് അഞ്ചു കാറ്റഗറികള്‍ തിരിച്ചിട്ടുള്ളത്. ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹര്‍കത്ത്-ഉല്‍-ജിഹാദ് അല്‍-ഇസ്ലാമി, ഹര്‍കത്ത്-ഉല്‍-മുജാഹിദീന്‍, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

1989 ല്‍ രൂപീകൃതമായ ഹിസ്ബുള്‍ മുജാഹിദീന്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയുടെ തീവ്രവാദ വിഭാഗമായിട്ടാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ കശ്മീരിനെ ലക്ഷ്യമിട്ടുള്ള ഏറ്റവും പഴയതും വലുതുമായ ഭീകര ഗ്രൂപ്പുകളില്‍ ഒന്നാണിത്. കശ്മീരിന് സ്വാതന്ത്ര്യമോ, ഇന്ത്യയുടെ കീഴിലുള്ള കശ്മീരിനെ പാകിസ്ഥാനിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനെയോ പിന്തുണയ്ക്കുന്നവരാണ് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍. റിപ്പോര്‍ട്ട് പറയുന്നു.

1997 ല്‍ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹര്‍ക്കത്ത് ഉല്‍-മുജാഹിദീന്‍ പ്രധാനമായും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലും, ചില പാകിസ്ഥാന്‍ നഗരങ്ങളില്‍ നിന്നുമാണ് പ്രവര്‍ത്തിക്കുന്നത്. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഉപരോധങ്ങള്‍ മറികടക്കാന്‍ ജമാഅത്ത്-ഉദ്-ദവ എന്ന പേര് മാറ്റുകയും ചെയ്തു. ആയിരക്കണക്കിന് ഭീകരപ്രവര്‍ത്തകരുള്ള ലഷ്‌കര്‍ ഇ തയ്ബ, 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2000ല്‍ മസൂദ് അസ്ഹര്‍ സ്ഥാപിച്ചതാണ് ജെയ്ഷ്-ഇ-മുഹമ്മദ് എന്ന ഭീകരസംഘടന. 2001-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെതിരായ ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദും ലഷ്‌കര്‍ ഇ തയ്ബയുമാണ്. ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരര്‍ ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ജെയ്‌ഷെ മുഹമ്മദ് അമേരിക്കയ്‌ക്കെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച സംഘടന കൂടിയാണ്. ആഗോളതലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗ്രൂപ്പുകളില്‍, അല്‍-ഖ്വയ്ദ, ആഭ്യന്തര തലത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ എന്നിവ ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകളില്‍ താലിബാന്‍, ഹഖാനി നെറ്റ്വര്‍ക്ക് എന്നിവ ഉള്‍പ്പെടുന്നു.

സമീപ വര്‍ഷങ്ങളില്‍ പാകിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2019 ല്‍ ഭീകരപ്രവര്‍ത്തനത്തെത്തുടര്‍ന്നുള്ള മരണം 365 ആയിരുന്നെങ്കില്‍, 2025-ല്‍ 4,001 ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. 2023ല്‍ ‘ഭീകര ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പാകിസ്ഥാന്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു’. ചില മദ്രസകള്‍ (മതപാഠശാലകള്‍) അക്രമാസക്തമായ തീവ്രവാദ പ്രത്യയശാസ്ത്രത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കുന്ന സിദ്ധാന്തങ്ങള്‍ പഠിപ്പിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *