തൃശൂര്‍: അവസരോചിത ഇടപെടലിലൂടെ രോ​ഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസിന് വഴിയൊരുക്കിയ എസ്ഐ അപർണ ലവകുമാർ നേരത്തെയും നിരാലംബരെ സഹായിച്ച വ്യക്തി. കാൻസർ രോ​ഗികൾക്ക് മുടി മുറിച്ച് നൽകിയും മൃതദേഹം വിട്ടുകിട്ടാൻ സ്വർണവള നൽകിയും മുമ്പും അപർണ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. കാൻസർ രോ​ഗികളെ സഹായിക്കാനായി മുടി മുറിക്കാൻ ഡിഐജി വിജയകുമാറിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് മുടി നൽകിയത്. 2008ൽ ബന്ധുക്കളുടെ അടിയേറ്റ് മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാനായി പണമില്ലാതെ ബുദ്ധിമുട്ടിയ ബന്ധുക്കൾക്ക് സ്വന്തം വള ഊരി നൽകി. ആ വള പണയം വെച്ചാണ് അവർ പണം കണ്ടെത്തിയത്. പണം നൽകി സഹായിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നെങ്കിലും അന്ന് പണം കൈയിലുണ്ടായിരുന്നില്ലെന്ന് അപർണ പറയുന്നു. ഇതെല്ലാം എല്ലാവരും ചെയ്യുന്ന ഉപകാരങ്ങളാണെന്നും അപർണ എളിമയോടെ പറയുന്നു. അന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു അപർണ.

കഴിഞ്ഞ ദിവസം, തൃശൂര്‍ നഗരത്തിലെ ഏറ്റവും തിരക്കുള്ള അശ്വനി ജങ്ഷന്‍ റോഡിലെ ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കിയ അപർണയുടെ വീഡിയോ വൈറലായിരുന്നു. വാഹനങ്ങളുടെ നീണ്ടനിരക്ക് പിന്നിലായാണ് സൈറണ്‍ മുഴക്കി ഒരു ആബുംലന്‍സ് പാഞ്ഞു വന്നത്. വഹനങ്ങളുടെ തിരക്കില്‍ ആ ആബുംലന്‍സും പെട്ടു. ​

ഗുരുതര രോ​ഗിയായിരുന്നു ആംബുലൻസിൽ. സാഹചര്യത്തിന്റെ ​ഗൗരവും മനസ്സിലാക്കിയ അപർണ, വലിയ ബ്ലോക്കിൽ വാഹനങ്ങളുടെ ഇടയിലൂടെ ആംബുലൻസിന് വഴി തെളിച്ച് മുന്നില്‍ ഓടി. സ്വജീവൻ അപകടത്തിലാക്കിയായിരുന്നു അപർണയുടെ ഓട്ടം. എന്നാല്‍ അതൊന്നും ഓര്‍ക്കാതെ ആംബുലന്‍സിലുള്ള ജീവനെ മാത്രം ഓര്‍ത്ത് അവര്‍ മുന്‍പില്‍ ഓടി മറ്റ് വാഹനങ്ങളെ വശത്തേക്ക് മാറ്റി വഴിയൊരുക്കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *