ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയയാന്‍ സാധ്യത തെളിയുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് വഴിയൊരുക്കുക ലക്ഷ്യമിട്ട് 45 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു വരികയാണെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ ഇടനിലക്കാര്‍ വഴിയാണ്, അമേരിക്ക, ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഇറാന്‍ എന്നിവയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

മേഖലയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ആശയവിനിമയം നടന്നതായി റിപ്പോര്‍ട്ടുണ്ട്. രണ്ടുഘട്ടമായി നടപ്പാക്കാവുന്ന കരാറിന് വേണ്ടിയുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത് എന്നാണ് വിവരം. ആദ്യഘട്ടത്തില്‍ താത്കാലിക വെടിനിര്‍ത്തല്‍ കൊണ്ടുവരികയും ആ സമയത്ത് യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടികളില്‍ എത്തിച്ചേരുകയും ചെയ്യുക.

രണ്ടാംഘട്ടത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാര്‍ കൊണ്ടുവരികയും പദ്ധതിയിടുന്നു. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കും.ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കല്‍, ഇറാന്റെ യുറേനിയം സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കല്‍ എന്നിവ രണ്ടാംഘട്ടത്തിലേ സാധ്യമാകൂ എന്നാണ് മധ്യസ്ഥര്‍ വിലയിരുത്തുന്നത്. അതേസമയം, നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നുണ്ടെങ്കിലും, 48 മണിക്കൂറിനുള്ളില്‍ പ്രാഥമിക കരാറിനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

താൽക്കാലിക വെടിനിർത്തലുകൾക്ക് പിന്നാലെ വീണ്ടും സൈനിക നടപടികൾ ഉണ്ടായ ഗാസയിലെയും ലെബനനിലെയും മുൻകാല വെടിനിർത്തൽ കരാറുകൾക്ക് സമാനമായ ഒരു സാഹചര്യം ഒഴിവാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മധ്യസ്ഥർ മുഖേന ആശങ്ക ഇസ്രയേലിനെയും അമേരിക്കയെയും അറിയിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം ഇറാൻ സമാധാനകരാറിൽ എത്തിച്ചേരണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇല്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *