കല്‍പ്പറ്റ: പോളിംഗ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാര്‍ഥികളില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം. എന്നാല്‍ ആരൊക്ക ജയിച്ചുകയറുമെന്നതില്‍ ജനങ്ങളില്‍ പൊതുവെയുള്ളത് സന്ദേഹം. മണ്ഡലങ്ങളില്‍ കല്‍പ്പറ്റ യുഡിഎഫ് പിടിക്കുമെന്നും ബത്തേരിയും മാനന്തവാടിയും ആര്‍ക്കൊപ്പം നിന്നുവെന്ന് വോട്ടെണ്ണല്‍ കഴിഞ്ഞേ വ്യക്തമാകൂവെന്നും വിലയിരുത്തുന്നവര്‍ ജില്ലയില്‍ നിരവധി.
തുടര്‍ച്ചയായി മൂന്നാം തവണയും സമ്മതിദായകരുടെ പിന്തുണ ലഭിച്ചതായി മാനന്തവാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.ആര്‍. കേളു പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ എത്തിച്ച വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങളുമായുള്ള നിരന്തര ഇടപെടലും വലിയ പ്രതീക്ഷയ്ക്ക് ഇട നല്‍കുന്നതാണ്. എല്‍ഡിഎഫിന് പുറമേനിന്നുള്ളവരുടെ വോട്ടും തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വിജയം സുനിശ്ചതമാണെന്നും മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഉഷ വിജയന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കൈവിട്ടുപോയ മണ്ഡലത്തില്‍ ചരിത്രവിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ ഇടത്, വലത് മുന്നണികളെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയതെന്നും വോട്ടെണ്ണുമ്പോള്‍ ഇക്കാര്യം പ്രകടമാകുമെന്നും സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ പി. ശ്യാംരാജ് പറഞ്ഞു.
മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍നിന്നു ലഭിക്കുന്നതെന്ന് ബത്തേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാഷ്ട്രീയം നോക്കാതെയാണ് ജനം കൂടെ നില്‍ക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിലും മികച്ചതായിരിക്കും ഭൂരിപക്ഷമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. വലിയ ആത്മവിശ്വാസത്തിലാണെന്ന് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എസ്. വിശ്വനാഥന്‍ പറഞ്ഞു. മണ്ഡലത്തിന്റെ വികസനം ആഗ്രഹിക്കുന്നവര്‍ കൊടിയുടെ നിറം നോക്കാതെ തനിക്ക് വോട്ട് ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് പര്യടന കേന്ദ്രങ്ങളില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുന്നുവെന്നതില്‍ സംശയം ഇല്ലെന്നും വിശ്വനാഥന്‍ പറഞ്ഞു. മണ്ഡലത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബിജെപി കൈവരിച്ച വളര്‍ച്ചയ്ക്ക് അടിവരയിടുന്നതാകും തെരഞ്ഞെടുപ്പുഫലമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി എ.എസ്. കവിത പറഞ്ഞു. ഇടത്, വലത് മുന്നണികള്‍ക്ക് രസിക്കുന്നതാകില്ല ഇക്കുറി മണ്ഡലത്തിലെ തെരഞ്ഞെടുപ്പുഫലമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
കൂകിവിളിച്ചും കള്ളം പറഞ്ഞും ജയിക്കാനാകില്ലെന്ന പാഠം എല്‍ഡിഎഫിന് നല്‍കുന്നതാകും കല്‍പ്പറ്റ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ദിഖ് പറഞ്ഞു. വന്‍ ഭൂരിപക്ഷത്തിനാകും വിജയമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ഭരണ നേട്ടങ്ങളും പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളും വ്യക്തതയാടെ പ്രതിഫലിക്കുന്നതായിരിക്കും മണ്ഡലത്തിലെ തെരഞ്ഞെടുപ്പുഫലമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. അനില്‍കുമാര്‍ പറഞ്ഞു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ യുവജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ട്. ഇത് ചെറുപ്പക്കാര്‍ക്കിടയില്‍ തുടര്‍ഭരണത്തോടുള്ള താത്പര്യം വ്യക്തമാക്കുന്നതാണ്. മണ്ഡലത്തില്‍ തന്റെയും എല്‍ഡിഎഫിന്റെയും വിജയം ഉറപ്പാണെന്നും അനില്‍കുമാര്‍ പറഞ്ഞു. മണ്ഡലത്തിന്റെ വികസനം ആഗ്രഹിക്കുകയും ഇടത്, വലത് മുന്നണികളുടെ കാപട്യം തിരിച്ചറിയുകയും ചെയ്ത എല്ലാ ജന വിഭാഗങ്ങളുടെയും വോട്ട് തനിക്ക് ലഭിക്കുന്നുണ്ടെന്നും വിജയപ്രതീക്ഷയിലാണെന്നും എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ പ്രശാന്ത് മലവയല്‍ പറഞ്ഞു.
