കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കണ്ണൂര്‍ അഞ്ചരക്കണ്ടി ഗവ. ദന്തല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. എം കെ റാമിനെതിരെ കുടുതല്‍ വിദ്യാര്‍ഥികള്‍. ഡോ. റാം മുന്‍പും വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ആക്ഷേപം. നിതിന്റെ സഹപാഠികള്‍ ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

വിദ്യാര്‍ഥികളെ തലയിലടിക്കുകയും ചെവി കിഴുക്കുകയും ആണ്‍കുട്ടികളെ വിട്ട് പെണ്‍കുട്ടികളെ അടിപ്പിക്കുകയും ചെയ്യാറുണ്ട്. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഡോ. റാമില്‍ നിന്ന് നേരിട്ടതായി പല വിദ്യാര്‍ഥികളും പരാതി പറഞ്ഞിട്ടുണ്ടെന്ന് അഞ്ചരക്കണ്ടി ഗവ. ദന്തല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി നയന മാധ്യമങ്ങളോട് പ്രതികരിച്ചു. കോളജിലെ വിദ്യാര്‍ഥികള്‍ എല്ലാം ഒരു ട്രോമയിലൂടെയാണ് കടന്നുപോകുന്നത്. നിതിന്റെ മരണത്തിന് ശേഷമാണ് പലരും അത് തിരിച്ചറിയുന്നതെന്നും വിദ്യാര്‍ഥി പറയുന്നു.

നിതിന്‍ രാജ് പഠിച്ചിരുന്നത് മറ്റൊരു ക്ലാസിലാണ്. നിതിനെ അധിക്ഷേപിക്കുന്നത് കേട്ടിട്ടില്ല. എന്നാല്‍ നിതിന്റെ കുടുംബം പറയുന്നതുപോലെ സംഭവിക്കാനാണ് സാധ്യതയെന്നും വിദ്യാര്‍ഥി പറയുന്നു. ഡോ. റാമിനെതിരെ നിരവധി സമാന പരാതികള്‍ മുമ്പും കോളജ് അധികൃതര്‍ക്ക് ലഭിച്ചിരുന്നു. പേടിച്ചിട്ടാണ് പല കുട്ടികളും ഇത്തരം ദുരനുഭവങ്ങള്‍ പുറത്തു പറയാതിരിക്കുന്നതെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

ബോഡി ഷെയ്മിങ്ങ് ഉള്‍പ്പെടെ അധിക്ഷേപങ്ങള്‍ പതിവാണ്. രക്ഷിതാക്കളോട് പോലും വിദ്യാര്‍ഥികളെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുണ്ട്. വകുപ്പ് മേധാവിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ വൈവയില്‍ തോല്‍പ്പിക്കുമെന്ന് ഡോ. റാം ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അധ്യാപകന്റെ മാനസിക പീഡനം സഹിക്കവയ്യാതെ കോളജിലെ ഒട്ടുമിക്ക വിദ്യാര്‍ഥികളും വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം. അസോ. പ്രൊഫസര്‍ ഡോ. സംഗീതയെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. എസ് സി എസ് ടി അതിക്രമ നിരോധന വകുപ്പും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *