കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ കുറവ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു. തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയേയും ബിജെപി നേതൃത്വത്തെയുമാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ജില്ലയിലേക്ക് പദ്ധതികളൊന്നും കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക് കഴിയാത്തത് തിരിച്ചടിയായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തിലെ വോട്ട് വിഹിതത്തിലുണ്ടായ വന്‍ ഇടിവ് ബിജെപി നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. മണലൂര്‍, നാട്ടിക എന്നീ മണ്ഡലങ്ങളില്‍ 2021-നെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ വര്‍ധനവുണ്ടായപ്പോള്‍, ബാക്കിയുള്ള അഞ്ച് മണ്ഡലങ്ങളിലെ ബിജെപിയുടെ പ്രകടനം നിരാശാജനകമാണെന്ന് ഇവര്‍ പറയുന്നു.

‘ആദ്യമായി ലോക്സഭയിലേക്ക് ഒരു പ്രതിനിധിയെ ലഭിച്ചപ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതായിരുന്നു. എന്നാല്‍ കേരളത്തിനായി ഒരു മെഗാ പ്രോജക്റ്റ് എങ്കിലും അനുവദിക്കാന്‍ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സുരേഷ് ഗോപിക്ക് കഴിയണമായിരുന്നു. അത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിരുന്നെങ്കില്‍, ബിജെപി വികസനത്തിന് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുമായിരുന്നു. തൃശ്ശൂരില്‍ ബിജെപിയുടെ വിജയത്തിന് സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം ഒരു പ്രധാന ഘടകമായിരുന്നു. അതേസമയം, വോട്ടര്‍മാരുടെ വിശ്വാസം നേടിയെടുക്കാന്‍ വികസന പദ്ധതികള്‍ കേരളത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. ‘ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

എംപി ലാഡ് (MPLAD) പദ്ധതി പ്രകാരം തൃശ്ശൂരില്‍ ഇതുവരെ 7.135 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് എംപിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (PMNRF) നിന്ന് വൈദ്യസഹായത്തിനായി ആകെ 369 കേസുകള്‍ ശുപാര്‍ശ ചെയ്യുകയും, 49.90 ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. എന്നാല്‍ അതുമാത്രം പോരാ, ബിജെപി വലിയ പദ്ധതികള്‍ സംസ്ഥാനത്ത് കൊണ്ടുവരണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. എയിംസ് (AIIMS), സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് റിസര്‍ച്ച് ലാബ് എന്നിവ അനുവദിക്കുമെന്ന് ഉറപ്പുകള്‍ നല്‍കിയിരുന്നെങ്കിലും അവയൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല.

തൃശ്ശൂര്‍ അസംബ്ലി മണ്ഡലത്തിലെ ബൂത്ത് തല വിലയിരുത്തല്‍ അനുസരിച്ച്, പത്മജ വേണുഗോപാലിന് 37,000 പാര്‍ട്ടി വോട്ടുകളും വ്യക്തിഗത വോട്ടുകളും ഉള്‍പ്പെടെ 43,000 വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പത്മജയ്ക്ക് 28,662 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ, ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ 15,000 വോട്ടുകള്‍ കുറവാണ്. ഒല്ലൂര്‍, ഇരിഞ്ഞാലക്കുട, പുതുക്കാട് എന്നീ മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ വോട്ട് വിഹിതത്തില്‍ കുറവുണ്ടായി.

‘തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി നേതൃത്വം പ്രകടനം വിലയിരുത്തുകയും ഇതിനുള്ള കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യും.’ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പത്മജ വേണുഗോപാല്‍ പറഞ്ഞു. അതേസമയം, ‘ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനായിരുന്നു തന്റെ ശ്രമമെന്നും, അത് ഒരളവു വരെ വിജയിച്ചു’ എന്നുമാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ഗുരുവായൂരിലെ സ്ഥാനാര്‍ത്ഥിയുമായ ബി. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.

ഗുരുവായൂരില്‍ പാര്‍ട്ടി സംവിധാനം ശക്തമല്ലാതിരുന്നതിനാല്‍ ബിജെപിക്ക് ഉദ്ദേശിച്ച ഫലം നേടാന്‍ കഴിഞ്ഞില്ല. ഹിന്ദു വോട്ടുകളുടെ ഏകീകരണത്തില്‍ നിന്ന് നേട്ടമുണ്ടായത് സത്യത്തില്‍ എല്‍ഡിഎഫിനായിരുന്നു. ഈ ഏകീകരണം മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണമായി. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകളുമായി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ താരതമ്യം ചെയ്യുന്നത് അന്യായമാണ്, കാരണം രണ്ടിന്റേയും പാറ്റേണ്‍ തികച്ചും വ്യത്യസ്തമാണ്. ബി ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *