കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പ്രഖ്യാപനം വൈകിയത് ആളുകൾക്ക് പ്രയാസമുണ്ടാക്കി. പ്രഖ്യാപനം വൈകുന്നത് വിജയത്തിന്റെ ശോഭയെ ബാധിച്ചു എന്നത് യാഥാർഥ്യമാണ്. സർക്കാർ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ അതെല്ലാം മാറും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്നും വി എം സുധീരൻ പറഞ്ഞു.
തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നും നല്ല തീരുമാനം വരട്ടെയെന്നും വിഎം സുധീരൻ പറഞ്ഞു. എല്ലാവരുമായും ആശയവിനിമയം നടത്തി. ഘടകക്ഷികളുടെ പ്രതികരണം അത് സ്വാഭാവികമാണ്. സദുദ്ദേശത്തോടുകൂടിയുള്ള പ്രതികരണമാണ് നടന്നതെന്ന് അദേഹം വ്യക്തമാക്കി. എത്രയും വേഗം ഒരു സർക്കാർ വരണം, തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാണം എന്നത് എല്ലാവരുടെയും താത്പര്യമാണ്. കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്ന് വിഎം സുധീരൻ പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നറിയാനുള്ള കാത്തിരിപ്പ് ഒരുദിവസം കൂടി നീളും. ചർച്ചകൾ പൂർത്തിയായെന്നും ഔദ്യോൗഗിക പ്രഖ്യാപനം നാളെയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് മാധ്യമങ്ങളെ അറിയിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു അറിയിപ്പ്. പ്രഖ്യാപനം ഒരുദിവസം കൂടി നീണ്ടതോടെ നേതാക്കളുടെ വീടുകളിലെത്തിയ പ്രവർത്തകർ നിരാശരായി മടങ്ങി.
