ഉത്തർപ്രദേശിലെ ബറേലിയില്‍ പ്രകൃതിക്ഷോഭത്തിനിടെയുണ്ടായ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.

കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റില്‍, ടിൻ ഷീറ്റില്‍ മുറുകെപ്പിടിച്ച ഒരു യുവാവ് അമ്പതടിയിലധികം ഉയരത്തിലേക്ക് വായുവില്‍ എടുത്തെറിയപ്പെട്ടു.

ബമിയാന ഗ്രാമവാസിയായ നാൻഹെ മിയാനാണ് ഈ അത്ഭുതകരമായ അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത്. വീടിന്‍റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോകാതിരിക്കാൻ കയറുപയോഗിച്ച്‌ കെട്ടാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാറ്റ് ആഞ്ഞടിച്ചത്.

നിമിഷങ്ങള്‍ക്കുള്ളില്‍ ടിൻ ഷീറ്റിനൊപ്പം നാൻഹെയും വായുവിലൂടെ പറക്കുകയും ദൂരേക്ക് തെറിച്ചുപോവുകയുമായിരുന്നു. നിലത്ത് വീണ് പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താൻ രക്ഷപ്പെടാനായി കയറില്‍ മുറുകെപ്പിടിച്ചെങ്കിലും കാറ്റിന്‍റെ ശക്തിയില്‍ കയർ പൊട്ടിപ്പോയെന്നും എവിടെയാണ് വന്നു വീണതെന്ന് പോലും ഓർമ്മയില്ലെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാനത്ത് നിലവിലുള്ള അതീവ ഗുരുതരമായ കാലാവസ്ഥാ സാഹചര്യത്തിന്‍റെ തെളിവായി ഈ സംഭവം മാറി. മഴയും ഇടിമിന്നലും കാറ്റും തകർത്തെറിഞ്ഞ ഉത്തർപ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം 89 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

നിരവധി പേർക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന് കന്നുകാലികള്‍ ചാവുകയും ചെയ്തിട്ടുണ്ട്. പ്രയാഗ്‌രാജ്, ഭദോഹി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കി. ഓരോ മൂന്ന് മണിക്കൂറിലും നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്യാനും അർഹമായ നഷ്ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യാനും സർക്കാർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *