കല്‍പ്പറ്റ: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ സംസ്ഥാനത്ത് വയനാട് അഞ്ചാം സ്ഥാനം കൈവരിച്ചതിന് സഹായമായത് കൂട്ടായ പ്രയത്‌നമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി. മന്‍മോഹന്‍, ഫിനാന്‍സ് ഓഫീസര്‍ എ.കെ. സുനില എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയില്‍ ഇക്കുറി 99.61 ആണ് എസ്എസ്എല്‍സി വിജയശതമാനം. സംസ്ഥാന ശരാശരിക്ക് മുകളിലാണിത്. 2023-24 അധ്യയനവര്‍ഷം വരെ വിജയശതമാനത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലായിരുന്നു ജില്ല. പിന്നീട് നില മെച്ചപ്പെട്ടു. കഴിഞ്ഞ അധ്യയന വര്‍ഷം ആറാം സ്ഥാനത്തായിരുന്നു. ഇത്തവണ ജില്ലയില്‍ പരീക്ഷ എഴുതിയ 11,189 കുട്ടികളില്‍ 44 കുട്ടികള്‍ മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടാതിരുന്നത്. സേ പരീക്ഷ എഴുതുന്നതിന് ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അക്കാദമിക, ഭൗതിക മേഖലകളില്‍ നടപ്പാക്കിയ വിജ്ഞാന്‍ ജ്യോതി, ഗോത്രദീപ്തി, ഉയരെ, പീക്ക് ടു പ്രോസ്പര്‍,
സമഗ്ര ഗുണമേന്‍മ പദ്ധതികള്‍ മികച്ച വിജയശതമാനം നേടുന്നതിന് ഉതകി. വരും വര്‍ഷങ്ങളില്‍ വിജയശതമാനം ഉയര്‍ത്തും. ഇതിന് വിവിധ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കും. വിദ്യാലയങ്ങളില്‍നിന്നു കുട്ടികള്‍ കൊഴിഞ്ഞുപോകുന്നത് തടയുന്നതിന് പഞ്ചായത്ത്-വാര്‍ഡുതല മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും.
കുട്ടികളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡ് സ്‌കൂളുകളിലടക്കം സഹായകേന്ദ്രങ്ങള്‍ 20 മുതല്‍ പ്രവര്‍ത്തിക്കും. ഹയര്‍ സെക്കന്‍ഡറിക്ക് 11,360ഉം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് 690 ഉം സീറ്റുകളാണ് ജില്ലയില്‍. സ്‌കൂള്‍ തുറക്കല്‍ മുന്നൊരുക്കത്തിന് ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കല്‍പ്പറ്റയില്‍ 30ന് വിജയോത്സവം സംഘടിപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മറ്റും പറഞ്ഞു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *