ബത്തേരി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ ഏറ്റെടുക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ബത്തേരി ഫൊറോന സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ആനുപാതികമായി ലഭ്യമാകുന്ന തരത്തിൽ ഈ വകുപ്പിൻ്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തിൽ പുതുതായി രൂപീകൃതമായ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിനും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും കത്തോലിക്കാ കോൺഗ്രസ് ബത്തേരി ഫൊറോനാസമിതി യോഗം അഭിവാദ്യങ്ങളും ആശംസകളും അറിയിച്ചു. മതസൗഹാർദ്ദവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്ന, ജനങ്ങളുടെ ആവശ്യങ്ങളിൽ അവരുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന നല്ല ഭരണം കാഴ്ചവയ്ക്കാൻ പുതിയ മന്ത്രിസഭയ്ക്ക് കഴിയുമെന്നു യോഗം വിലയിരുത്തി.
കത്തോലിക്ക കോൺഗ്രസ് ബത്തേരി ഫൊറോന പ്രസിഡൻ്റ് ഡേവി മാങ്കുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അമ്പലവയൽ സെൻ്റ് മാർട്ടിൻ ഡി പോറസ് ഇടവക വികാരി ഫാ. ചാക്കോ മേപ്പുറത്ത് ഉദ്‌ഘാടനം ചെയ്തു.
രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ, ബത്തേരി ഫൊറോന ഡയറക്ടർ
ഫാ. ജോസ് മേച്ചേരിൽ, സാജു പുലിക്കോട്ടിൽ, ജേക്കബ് മുക്കത്ത്, രാജു മണക്കുന്നേൽ, ജോയ് പുളിക്കൽ , ഫിലോമിന, സ്മിത അടവിച്ചിറ, അജി തോമസ്, ജോഷി കാരക്കുന്നേൽ, നാഷ് ഇളയിടത്തുമടത്തിൽ, ചാൾസ് വടാശ്ശേരി എന്നിവർ സംസാരിച്ചു.
