പുൽപള്ളി :പെരിക്കല്ലൂർ ദി നാഷണൽ റീഡിങ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മിന്നാമിന്നി ബാലവേദിയുടെ വായനക്കളരിയിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളുടെ ഭാഗമായി ‘ജീവിതമാണ് ലഹരി; കുരുന്നുകൾക്ക് വിജയ മന്ത്രങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാറിന് നേതൃത്വം നൽകി. കുട്ടികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തോടൊപ്പം ജീവിതത്തിൽ ലക്ഷ്യബോധവും ആത്മവിശ്വാസവും വളർത്തേണ്ടതിൻ്റെ ആവശ്യകത ക്ലാസ്സിൽ വ്യക്തമാക്കി. തുടർന്നു കുട്ടികളുമായി നടത്തിയ സജീവമായ ചർച്ചകൾക്കും അദ്ദേഹം നേതൃത്വം നൽകി.ബാലവേദി പ്രസിഡൻ്റ് അലോഷി ഷൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർദ്രവ് സിനീഷ് സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡൻ്റ് ശോഭന ബാബു, നിനിത പ്രേമദാസ് മുതലായവർ ആശംസകളർപ്പിച്ചു. ലൈബ്രേറിയൻ മിനി ജോൺ നന്ദി രേഖപ്പെടുത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തം കൊണ്ട് സെമിനാർ ഏറെ ശ്രദ്ധേയമായി.
