തിരുവനന്തപുരം: കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കറുത്ത കാറിന് എന്താണ് കുഴപ്പമെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് പുതിയ കാര്‍ മേടിച്ചാല്‍ ഖജനാവ് ഇടിഞ്ഞോന്നും വീഴില്ല. എന്നാല്‍ മുഖ്യമന്ത്രി ഒരു കാര്‍ മേടിച്ചാല്‍ അതൊരു തെറ്റായ സന്ദേശമാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ? രണ്ടു മൂന്ന് ന്യൂസുകളില്‍ കണ്ടു. എന്താണ് കറുത്ത കാറിന് കുഴപ്പം? എന്നിട്ട് ഇന്നലെ ഞാന്‍ കറുത്ത കാറില്‍ കയറി എന്ന് പറഞ്ഞു. അത് എന്റെ പ്രൈവറ്റ് കാര്‍ ആണ്. സുഹൃത്തിന്റേയാണ്. എന്റെ വണ്ടി കേടായപ്പോള്‍ എടുത്തതാണ്. മുഖ്യമന്ത്രിക്ക് പുതിയ കാര്‍ മേടിച്ചാല്‍ ഖജനാവ് ഇടിഞ്ഞോന്നും വീഴില്ല. എന്നാല്‍ മുഖ്യമന്ത്രി ഒരു കാര്‍ മേടിച്ചാല്‍ അതൊരു തെറ്റായ സന്ദേശമാണ്. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ അത് വേണ്ട. പുതിയ കാര്‍ മേടിച്ചാല്‍ ആരും ഒന്നും പറയില്ല. എന്നാല്‍ ഭരണസംവിധാനത്തിന് ഒരു തെറ്റായ മെസേജ് കൊടുക്കും. ഏത് വണ്ടിയാണ് ലഭ്യമാകുന്നത് എന്ന് വച്ചാല്‍ ഞാന്‍ അത് ഉപയോഗിക്കും. പതിനായിരം കിലോമീറ്ററോ ഒരു ലക്ഷം കിലോമീറ്ററോ ഓടിയ വണ്ടിയായാലും ഞാന്‍ അത് ഉപയോഗിക്കും. എനിക്ക് അത് മതി. ഞാന്‍ വലിയ ലാളിത്യമുള്ള ആളാണ് എന്ന് അവകാശപ്പെടുകയല്ല. ഇത് നമ്മള്‍ മുകളിലുള്ള ആളുകള്‍ക്ക് നല്‍കുന്ന സന്ദേശമാണ്. അല്ലാതെ ലാളിത്യമല്ല. നമ്മള്‍ ശ്രദ്ധിക്കണം’- വി ഡി സതീശന്‍ പറഞ്ഞു.

‘ഭയങ്കര വിലകൂടിയ രണ്ടു കാറുകള്‍ ഞാന്‍ വാങ്ങിച്ചു. സ്റ്റൈല്‍ ആയിപ്പോയാല്‍ നിങ്ങള്‍ ഒരു ദിവസമല്ലേ വാര്‍ത്ത എഴുതുകയുള്ളൂ. പിറ്റേദിവസം നിങ്ങള്‍ മറന്നുപോകുമല്ലോ. പിന്നെ എനിക്ക് യാത്ര ചെയ്യാലോ. എന്നാല്‍ അത് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. അതെല്ലാം ശ്രദ്ധിക്കണം. കറുത്ത കാറില്‍ സഞ്ചരിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് വല്ല ജ്യോത്സ്യന്‍ പറഞ്ഞിട്ടുണ്ടോ കറുത്ത കാറില്‍ സഞ്ചരിക്കരുത് എന്ന്. ഫുള്‍ വാഹനവ്യൂഹം വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. എസ്‌കോര്‍ട്ടും വേണ്ട എന്ന് പറഞ്ഞു. പൊലീസ് സമ്മതിച്ചില്ല. 30, 40 വണ്ടികളും ആംബുലന്‍സും കൂടി റോഡില്‍ ഇറങ്ങിയാല്‍. ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയതല്ല. ഇസഡ് പ്ലസ് കാറ്റഗറിയാണ് മുഖ്യമന്ത്രിക്ക്. എന്റെ പ്രായത്തിലുള്ള ഒരാള്‍ മുഖ്യമന്ത്രിയായി വന്ന് ഇങ്ങനെ പോകുന്നത് കണ്ടാല്‍ ഞാന്‍ എന്തു ചിന്തിക്കുമെന്ന് ഞാന്‍ വിചാരിച്ചു. എനിക്ക് ദേഷ്യം തോന്നും. നിരാശ തോന്നും. എനിക്ക് പുച്ഛവും തോന്നും. എനിക്ക് പരിഹസിക്കാനും തോന്നും. ഇത്രയും വണ്ടികളുമായി റോഡില്‍ ഇറങ്ങി ബ്ലോക്കായാലോ. ബ്ലോക്ക് ഒരു മണിക്കൂറായാലോ. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തു ഇറങ്ങുന്നവരല്ലേ. വഴിയില്‍ നില്‍ക്കുന്ന ആളായി സങ്കല്‍പ്പിച്ച് നോക്കി. സമരവും തടയലുമൊക്കെ ഉള്ള സംസ്ഥാനമാണ് കേരളം. മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും സംരക്ഷണം വേണം.എനിക്ക് മുന്‍പുള്ള ആളുകള്‍ കൂടുതല്‍ വാഹനം ഉപയോഗിച്ചതിന് തെറ്റ് പറയുകയല്ല. അവര്‍ പല സന്നിഗ്ധ ഘട്ടങ്ങള്‍ കയറി ആ സ്ഥാനത്് വന്ന ആളുകളാണ്. അവരുടെ ജീവിതത്തില്‍ വെല്ലുവിളികളും പ്രതിസന്ധികളെല്ലാം ഉണ്ടായിട്ടുണ്ട്. പിണറായി വിജയനെ കളിയാക്കി പറഞ്ഞതല്ല’- വി ഡി സതീശന്‍ വ്യക്തമാക്കി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *