തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21നാണ് ആരംഭിക്കുന്നത്. ആദ്യം എംഎല്‍എമാരുടെ സത്യപ്രതിജ്ഞയാണ്. പ്രോടെം സ്പീക്കര്‍ ആയി യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത് അമ്പലപ്പുഴയില്‍ നിന്നും സ്വതന്ത്രനായി ജയിച്ച മുതിര്‍ന്ന നേതാവ് ജി സുധാകരനെയാണ്. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായിരുന്ന മുതിര്‍ന്ന അംഗമെന്ന നിലയിലാണ് പ്രോടെം സ്പീക്കറായി ജി സുധാകരനെ നിശ്ചയിച്ചത്. മെയ് 21-ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂര്‍ണ്ണ ചുമതല ജി സുധാകരനായിരിക്കും.
സഭയുടെ ആദ്യ ദിവസം എല്ലാവരും ഉറ്റുനോക്കുന്നത് പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ സത്യപ്രതിജ്ഞയാണ്. പ്രോടെം സ്പീക്കര്‍ എന്ന നിലയില്‍ ജി സുധാകരനാണ് അന്ന് സഭ നിയന്ത്രിക്കുക. ജി സുധാകരന് മുന്നില്‍ പിണറായി വിജയന്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുമോ ഇല്ലയോ എന്നതാണ് രാഷ്ട്രീയരംഗങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ചട്ടപ്രകാരം ആദ്യദിനം പ്രോടെം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക്, പിന്നീട് സ്ഥിരം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ട്. മെയ് 22-ന് യുഡിഎഫിന്റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ സ്പീക്കറായി ചുമതലയേല്‍ക്കുമെന്നാണ് വിവരം.
