തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തില്‍ ചാണ്ടി ഉമ്മന് നേരിട്ട അവഗണനയില്‍ നീരസം പ്രകടിപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബം വിഡിഎസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിട്ടുനിന്നു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മകള്‍ മറിയ ഉമ്മനും ചടങ്ങില്‍ പങ്കെടുക്കാത്തത് ഈ നീരസം മൂലമാണെന്നാണ് സൂചന.

സത്യപ്രതിജ്ഞയ്ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് എ കെ ആന്റണിയെ ചാണ്ടി ഉമ്മനും മറിയാമ്മയും വീട്ടിലെത്തി കണ്ട് പരാതി പറഞ്ഞു. എന്നാല്‍ പ്രത്യേക കാരണങ്ങളാലല്ല സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് മകള്‍ മറിയ ഉമ്മന്‍ പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ സഹോദരിയുടെ പുത്രനൊപ്പമാണ് ചാണ്ടി ഉമ്മന്‍ എത്തിയത്. പൊതുജനത്തിനുള്ള ഗേറ്റിലൂടെയാണ് ഉള്ളില്‍ പ്രവേശിച്ചത്. ഉമ്മന്‍ചാണ്ടിയുടെ സ്മരണ ഈ തെരഞ്ഞെടുപ്പില്‍ സജീവമായിരുന്നത് കണക്കിലെടുത്ത് ചാണ്ടി ഉമ്മനെ മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. ഇക്കാര്യത്തില്‍ തുടക്കം മുതല്‍ അനുകൂല സൂചനകളാണ് ലഭിച്ചിരുന്നത്. എ കെ ആന്റണിയും ചാണ്ടി ഉമ്മനെ മന്ത്രിസഭയിലെടുക്കണമെന്ന അഭിപ്രായം നേരത്തെ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

കേരളത്തിന്റെ മകന്‍ എന്ന സ്ഥാനം ഉണ്ട്

സ്‌നേഹ സന്ദര്‍ശം മാത്രമാണ്. ഇന്ന് അനുഭവിച്ച സ്‌നേഹം വളരെ വലുതാണ്. ആര്‍ക്കും കിട്ടാത്ത ഒരു സ്ഥാനം എനിക്കുണ്ട്. കേരളത്തിന്റെ മകന്‍ എന്ന സ്ഥാനമാണത്, എ കെ ആന്റണിയെ വീട്ടിലെത്തി കണ്ടയുടന്‍ ചാണ്ടി ഉമ്മന്റെ പ്രതികരണമാണിത്.

ജനം നല്‍കുന്ന പിന്തുണയ്ക്ക് നന്ദി. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കും. മന്ത്രിസ്ഥാനത്തേയ്ക്ക് തുടക്കം മുതലേ തന്റെ പേരുണ്ടായിരുന്നില്ല. എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ്. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണം. ജനം വെറുത്തിട്ട് എന്ത് സ്ഥാനം കിട്ടിയിട്ട് എന്ത് കാര്യമെന്ന പിതാവിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പുതുപ്പള്ളിയുടെ മന്ത്രി. പുതുപ്പള്ളിക്ക് അദ്ദേഹത്തിലൂടെ നീതി ലഭിക്കും, ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ശിഷ്യന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം

ഉമ്മന്‍ചാണ്ടിയുടെ വിയോഗശേഷം ആദ്യമായി യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സത്യപ്രതിജ്ഞാ സദസില്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കും ആദരം. ഉമ്മന്‍ചാണ്ടിയുടെ ശിഷ്യനായ പി സി വിഷ്ണുനാഥ് മന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് എഴുന്നേറ്റപ്പോള്‍ സദസിലെ ആള്‍ക്കൂട്ടം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചു.

സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിഷ്ണുനാഥ് ഒപ്പുവെക്കുമ്പോഴും മുദ്രാവാക്യം മുഴങ്ങിക്കൊണ്ടേയിരുന്നു. ഇല്ലാ, ഇല്ല മരിച്ചിട്ടില്ല, ഉമ്മന്‍ചാണ്ടി മരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി നേതാവേ, ആയിരമായിരം അഭിവാദ്യങ്ങള്‍…എന്നിങ്ങനെയായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആരവം. ചാണ്ടി ഉമ്മന്‍ എത്തിയപ്പോഴും ഇതേ ആരവം ഉണ്ടായി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *