ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന കമ്പനിയായ ആക്‌സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത. 2014ലാണ് രാജ്യത്ത് ബിജെപിയുടെ ഭരണം ആരംഭിച്ചത്. ബിജെപിയുടെ നിലവിലെ രാഷ്ട്രീയ മേധാവിത്വത്തിന്റെ കാലഘട്ടം കുറഞ്ഞത് 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രമുഖ തെരഞ്ഞെടുപ്പ് നിരീക്ഷകനായ പ്രദീപ് ഗുപ്ത പ്രവചിക്കുന്നത്.
ഭരണകക്ഷിയുടെ ഭരണമികവില്‍ കാര്യമായ വീഴ്ചകള്‍ സംഭവിക്കാത്തിടത്തോളം കാലം അവരുടെ സ്ഥാനം സുരക്ഷിതമായിരിക്കും. പണ്ട് കോണ്‍ഗ്രസ് ആസ്വദിച്ചിരുന്ന ദീര്‍ഘകാല രാഷ്ട്രീയ മേധാവിത്വവുമായി ഇതിനെ ഉപമിച്ച ഗുപ്ത, ഇന്ത്യന്‍ രാഷ്ട്രീയം വീണ്ടുമൊരു ഏകകക്ഷി മേധാവിത്വത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തില്‍ ഒരു പരിധിയുണ്ട്. 1977 വരെ കോണ്‍ഗ്രസ് തുടര്‍ച്ചയായി രാജ്യം ഭരിച്ചു. അതിനുശേഷമാണ് അവര്‍ പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്. ആ കാലഘട്ടത്തില്‍, ഒരു രാഷ്ട്രീയ തലമുറ എന്നത് ഏകദേശം 20 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒന്നായാണ് കണക്കാക്കിയിരുന്നത്. ആ 20 വര്‍ഷത്തെ സൈക്കിള്‍ ഇപ്പോഴും നിലനില്‍ക്കുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രദീപ് ഗുപ്ത പറഞ്ഞു. ബിജെപിക്കും സമാനമായ രീതിയില്‍ ദീര്‍ഘകാലത്തേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി തുടരാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണസഖ്യത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഭാവി പൂര്‍ണ്ണമായും നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനമികവിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇത്രയും വലിയൊരു ജനവിധി ലഭിച്ചതിനു ശേഷം ബിജെപിയില്‍ നിന്നുള്ള ജനങ്ങളുടെ പ്രതീക്ഷകളും വര്‍ദ്ധിച്ചിരിക്കുകയാണ്. അതിനാല്‍ ബിജെപിയും എന്‍ഡിഎയും ഇനി മികച്ച രീതിയില്‍ തന്നെ ഭരണം കാഴ്ചവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങള്‍ മോശമാകാതിരിക്കുന്നിടത്തോളം കാലം അവര്‍ വിജയം തുടരുകയും പ്രതിപക്ഷം പരാജയപ്പെടുകയും ചെയ്യുമെന്നും പ്രദീപ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.
2029ലും കോണ്‍ഗ്രസ് അധികാരത്തില്‍ എത്താനുള്ള സാധ്യത കുറവാണ്. ഇത് അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുന്ന 15 വര്‍ഷത്തെ കാലയളവിനെയാണ് കാണിക്കുക. രാജ്യം മുഴുവന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കുറഞ്ഞത് ഒരു അഞ്ച് വര്‍ഷം കൂടി വേണ്ടിവരുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
