കൊച്ചി: നടൻ ടിനി ടോമിനെതിരെ അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ. അമ്മയുടെ ഐ ക്യാംപ് നടക്കുന്ന ദിവസം തന്നെ അൻസിബ ഇത്തരമൊരു കാര്യം പറഞ്ഞതിന്റെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയമുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്വേത.

“ജനുവരിയിൽ മൂന്ന് പരാതികൾ ആ കുട്ടി തന്നിട്ടുണ്ടായിരുന്നു. അത് വ്യക്തിപരമായ വേറെയൊരു പരാതിയായിരുന്നു. അവസാനത്തെ ഇന്റേണൽ കമ്മിറ്റി (ഐസി) മീറ്റിങ് മാർച്ച് രണ്ടിനായിരുന്നു. അന്നാണ് അൻസിബ അവസാനം വരുന്നത്. അതിൽ എന്നോട് ഒന്നും ആ കുട്ടി പറഞ്ഞിട്ടില്ല. നമ്മുടെ എല്ലാ മീറ്റിങ്ങിലും ഒരുപാട് അടിപിടി നടക്കാറുണ്ട്.

അതിന് ഒരു കുറവുമില്ല. അങ്ങനെ വച്ച് നോക്കുകയാണെങ്കിൽ നമുക്ക് എല്ലാവരുടെയും മുകളിൽ പരാതിയുണ്ട്. 17 ആൾക്കാരാണ് ഐസിയിൽ അം​ഗങ്ങളായിട്ടുള്ളത്. ഒരാൾ അങ്ങനെ പറയുമ്പോൾ 16 ആൾക്കാരും പ്രതികരിക്കാതെ ഇരിക്കുമോ?. ജനുവരിയിൽ എന്നെ വിളിച്ചിട്ടുണ്ട്. പക്ഷേ ആ പരാതി വേറെ എന്തോ ആണ്.

അത് പൊലീസ് കേസ് ആയിരുന്നു. അമ്മ ഒരു വെൽഫെയർ ഓ​ർ​ഗനൈസേഷൻ അല്ല, ചാരിറ്റി ഓർ​ഗനൈസേഷനാണ്. ഓരോരുത്തരുടെയും വീട്ടിൽ നടക്കുന്ന പരാതികളൊന്നും പരി​ഗണിക്കാൻ പറ്റില്ല. അവരുടെ തർക്കവും അമ്മയുമായി ബന്ധപ്പെട്ടതല്ല, വ്യക്തിപരമാണ്. ഇന്ന് രണ്ട് മണിക്കാണ് ടിനിക്കെതിരെ പരാതി മെയിൽ വരുന്നത്. അമ്മയു‌ടെ ഓരോ കാര്യങ്ങളും അമ്മയ്ക്കുള്ളിലാണ് തീർക്കേണ്ടത്.

മെയ് 12 ന് അം​ഗീകരിച്ച ഒരു രാജിയാണ്. ഇപ്പോൾ ആ കുട്ടി വരുന്നത് മെയ് 23 ന്. എന്തുകൊണ്ട് ഇതിന് മുൻപ് വന്നില്ല. ആ കുട്ടി ഭയങ്കര കഠിനാധ്വാനം ചെയ്യുന്ന ആളാണ്. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അമ്മയ്ക്കുള്ളിൽ നമ്മൾ ചർച്ച ചെയ്യും. നമ്മളൊരു ചാരിറ്റി അസോസിയേഷൻ ആണ്. നമുക്ക് എവിടുന്ന് വേണമെങ്കിലും ഏത് മതപരമായ സ്ഥാപനത്തിൽ നിന്നും നമുക്ക് ചാരിറ്റി സ്വീകരിക്കാം.

നിയമപരമല്ലാത്ത ഒന്നും ഇവിടെ നടക്കുന്നില്ല. അൻസിബ അത് പറഞ്ഞത് ഒരു പരാതിയായിട്ടല്ല, അഭിപ്രായമാണ് പറഞ്ഞത്. ബൈ ലോ പ്രകാരം നമ്മളെ തെറ്റിദ്ധരിപ്പിച്ച ഒന്നാണ് പ്രസിഡന്റ് ഒരു നോക്കുകുത്തി ആണെന്നുള്ളത്. പക്ഷേ അങ്ങനെയല്ല. പ്രസിഡന്റ് തന്നെയാണ് സംഘടനയുടെ തലവൻ. പണ്ട് ഇടവേള ബാബു ചേട്ടനാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചത്.

25 വർഷം അദ്ദേഹമാണ് അമ്മയെ നയിച്ചത്. അതും വളരെ മനോഹരമായി. അപ്പോൾ എല്ലാവരും വിചാരിക്കും ജനറൽ സെക്രട്ടറിയാണ് എല്ലാം തീരുമാനിക്കുന്നതെന്ന് അല്ല. ഇന്നസെന്റും മോഹൻലാലും പ്രസിഡന്റായിരുന്നപ്പോൾ അവർ വെറും നോക്കുകുത്തികളായിരുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. അതേ ബൈ ലോയിൽ തന്നെ അല്ലേ ഞാനും വരുന്നത്. യുദ്ധത്തിന് ഇതിനു മുൻപും വലിയ കുറവൊന്നും വന്നിട്ടില്ല”. – ശ്വേത മേനോൻ പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *