അമേരിക്കൻ ആസ്ഥാനമായ കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി വെള്ളിയാഴ്ചയിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തത് കമ്പനിയുടെ നിയമവിരുദ്ധ നടപടിയാണ്. വിഷയത്തിന്റെ ഗൗരവം സർക്കാർ മനസിലാക്കിയാണ് തൊഴിൽ മന്ത്രി നേരിട്ട് കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി ജൂലൈ പത്തിന് ചർച്ച നടത്തുന്നത്.

ലേബർ കോഡ് അനുസരിച്ചാണെങ്കിലും കോറോ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് നിയമവിരുദ്ധമായ സമീപനമാണ്. മുന്നൂറിൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനം അടച്ചുപൂട്ടുന്നതിന് മുൻപ് വകുപ്പിനെ അറിയിക്കണം എന്നതാണ് നിയമം. സംസ്ഥാന സർക്കാരിന് തുറന്ന സമീപനമാണ്, അതുകൊണ്ട് കമ്പനിക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾ എടുക്കുന്നതിനേക്കാൾ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സ്ഥാപനം സംസ്ഥാനത്തിൽ തന്നെ നിലനിർത്തി ജീവനക്കാർക്ക് തൊഴിൽ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സർക്കാർ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

അതേസമയം, ഈ മാസം 10 വരെ കമ്പനി വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും ജീവനക്കാർക്ക് ഓഫീസിൽ എത്താം എന്നുമായിരുന്നു ഇന്നലത്തെ യോഗത്തിനുശേഷം ലേബർ കമ്മീഷണർ നൽകിയ ഉറപ്പ്. കമ്പനിയുടെ അഭിഭാഷക പ്രതിനിധികൾ അടക്കം പങ്കെടുത്ത യോഗത്തിൽ ആയിരുന്നു തീരുമാനം. അതുപ്രകാരം ഇന്ന് രാവിലെ കൊച്ചിയിലെയും കോഴിക്കോടേയും ഓഫീസുകളിൽ എത്തിയ ജീവനക്കാരെ പക്ഷേ ഓഫീസിനുള്ളിലേക്ക് കയറ്റിയില്ല. കമ്പനി ഇന്നലെ തന്നെ പൂട്ടി എന്നും പഞ്ചിംഗ് സംവിധാനങ്ങൾ നീക്കി എന്നും ജീവനക്കാർ പറയുന്നു. രാവിലെ 9 മണി കഴിഞ്ഞിട്ടും ഓഫീസിനുള്ളിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നതോടെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഓഫീസുകളിൽ എത്തിയ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തി. കമ്പനി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ സർക്കാർ ഇടപെടലിൽ വിശ്വാസമില്ലെന്നും കമ്പനി പ്രതിനിധികളെ ബന്ധപ്പെടാൻ കഴിയില്ല എന്ന് പറഞ്ഞത് തെറ്റെന്നുമാണ് ജീവനക്കാരുടെ ആരോപണം.

By admin

Leave a Reply

Your email address will not be published. Required fields are marked *