കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ടിഎംസിയുടെ തന്നെ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം. ഹൂഗ്ലിയിലെ ചണ്ഡിതലയില്‍ വെച്ച് കല്യാണ്‍ ബാനര്‍ജിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

അടി കിട്ടിയ ഉടന്‍ അദ്ദേഹം തലയില്‍ കൈവെച്ച് നിലത്തുവീണു. ശ്രീരാംപൂര്‍ എംപിക്ക് നേരെ കരിങ്കൊടി കാണിക്കുകയും ‘ചോര്‍ ചോര്‍’ (കള്ളന്‍ കള്ളന്‍) എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തനിക്ക് നേരെയുണ്ടായത് ജനരോഷമാണെന്ന വാദം ബാനര്‍ജി തള്ളിപ്പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് കല്യാണ്‍ ബാനര്‍ജിയും അദ്ദേഹത്തിന്റെ അനുയായികളും ഇന്ന് രാവിലെ ചണ്ഡിതലയില്‍ എത്തിയത്. ശ്രീരാംപൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് ചണ്ഡിതല വരുന്നത്. 2009 മുതല്‍ നാല് തവണ ബാനര്‍ജി ഈ സീറ്റില്‍ വിജയിച്ചിട്ടുണ്ട്.

കല്യാണ്‍ ബാനര്‍ജി ഒരു ട്രക്കിന് അരികിലൂടെ നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്ന് എന്തോ ഒന്ന് തലയില്‍ വന്ന് അടിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ തന്നെ അദ്ദേഹം തലയില്‍ പിടിച്ച് നിലത്തുവീണു. ചുറ്റുമുണ്ടായിരുന്ന പൊലീസുകാര്‍ പ്രദേശം ശാന്തമാക്കാന്‍ ശ്രമിച്ചു. അദ്ദേഹം പെട്ടെന്ന് തന്നെ എഴുന്നേറ്റെങ്കിലും നേരെ നില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് തലയില്‍ വെള്ളത്തുണി കെട്ടി അനുയായികളെ അഭിസംബോധന ചെയ്യുന്നതാണ് കണ്ടത്.

തന്റെ തലയ്ക്ക് നേരെ ക്രിക്കറ്റ് പന്തോ കല്ലോ എറിഞ്ഞതാണെന്ന് എംപി പിന്നീട് ആരോപിച്ചു. തന്നെ ‘കൊലപ്പെടുത്താനുള്ള ശ്രമം’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്, ഇതിന് പിന്നില്‍ ബിജെപി ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ഗതാഗതക്കുരുക്ക് കാരണം തന്റെ കാര്‍ പിന്നില്‍ ഉപേക്ഷിച്ചാണ് മുന്നോട്ട് നടന്നത്. പെട്ടെന്ന് 10-15 ഗുണ്ടകള്‍ മുദ്രാവാക്യം വിളിക്കുകയും ശത്രുതാപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അവര്‍ എന്നെ ചീത്തവിളിച്ചെങ്കിലും ഞാന്‍ മുന്നോട്ട് നടന്നു. ആ സമയത്താണ് എന്റെ തലയിലേക്ക് ഒരു കല്ല് എറിഞ്ഞത്. എന്റെ കുര്‍ത്തയിലും പൈജാമയിലും രക്തം പുരണ്ടിരുന്നു. ഞാന്‍ റോഡില്‍ വീണുപോയി, ഒരു സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്.

ദക്ഷിണ പര്‍ഗാനാസിലെ സോനാര്‍പൂരില്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളില്‍ ഇരയായ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനിടെയാണ് അഭിഷേക് ബാനര്‍ജിക്കും സമാനമായ രീതിയില്‍ പൊതുജനങ്ങളില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *