തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ചുവടുവെയ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പെടെ 18 തരം മോഡിഫിക്കേഷന്‍ ആവാമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗത കമ്മീഷണര്‍ തയ്യാറാക്കിയ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.

18 തരത്തിലുള്ള മോഡിഫിക്കേഷനുകളാണ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിറം മാറ്റം പോലുള്ള രൂപമാറ്റങ്ങള്‍ക്ക് പണം അടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാറോ ബൈക്കോ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. എന്നാല്‍ ആര്‍ടിഒ ഓഫിസില്‍ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആര്‍സി ബുക്കില്‍ ഉള്‍പ്പെടുത്തണം. എന്‍ജിന്‍ മാറ്റം, ബോഡിക്ക് രൂപമാറ്റം ഇലക്ട്രിക്കിലേക്കോ സിഎന്‍ജിയിലേക്കൊ ഉള്ള മാറ്റം എന്നിവയും അനുവാദം വാങ്ങിയാല്‍ സാധിക്കും. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമാണ് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.

തെരഞ്ഞെടുപ്പ് കാലത്ത് ജെന്‍സികളുടെയും വാഹനപ്രേമികളുടെയുമൊക്കെ ഇടയില്‍ വൈറലായിരുന്നു വിഡി സതീശന്റെ മോഡിഫിക്കേഷനെ അനുകൂലിച്ചുള്ള പ്രഖ്യാപനം. മുഖ്യമന്ത്രി കസേരയിലെത്തിയതിന് പിന്നാലെ ഈ പ്രഖ്യാപനം എപ്പോള്‍ നടക്കുമെന്ന ചോദ്യം വന്നപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പൂക്കി ചിരി പിറന്നതും.

റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍

വാഹനങ്ങളില്‍ ഇഷ്ടമുള്ള ചിത്രങ്ങളും രൂപങ്ങളും അനുവദിക്കും.

പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ മാന്യമായതായിരിക്കണം ചിത്രങ്ങള്‍

വാഹനത്തിനുള്ളില്‍ രസകരമായ, പല നിറത്തിലുള്ള ലൈറ്റുകള്‍ അനുവദിക്കും.

പാട്ടൊക്കെയായി അടിച്ചുപൊളിച്ച് പോകാന്‍ കൂടുതല്‍ സ്പീക്കറുകളും അനുവദിക്കും

സീറ്റ് കവര്‍, ഫ്‌ളോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്‌സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കര്‍, റൂഫ് കാരിയേഴ്‌സ് എന്നിവ അനുവദിക്കും

50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിംസ് അനുവദിക്കും

മോഡിഫിക്കേഷന് വേണ്ടി കാത്തിരിക്കുന്നവര്‍ ഈ പട്ടികകൊണ്ട് തൃപ്തരാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. കാരണം ഇതിലുള്ള ഭൂരിഭാഗവും ഇപ്പോള്‍ തന്നെ അനുവാദമുള്ളതാണ്. ഇതിന് അപ്പുറത്തേക്കുള്ള മോഡിഫിക്കേഷന്‍ അനുവദിക്കാന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ബുദ്ധിമുട്ടാണെന്നും ഗതാഗത കമ്മീഷണറും ഉറപ്പിച്ച് പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *