പശ്ചിമേഷ്യയില്‍ സമാധാനം തൊട്ടരികെ എന്ന പ്രതീക്ഷ നല്‍കി അമേരിക്കയും ഇറാനും. സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു. അരഗ്ചിയുടെ സമൂഹമാധ്യമ കുറിപ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവെച്ചു. ധാരാണാപത്രം നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വെച്ച് ഒപ്പിടുമെന്നാണ് സൂചന.

കരാര്‍ അന്തിമമാകും വരെ ഉള്ളടക്കം സംബന്ധിച്ച ഊഹാപോഹങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിടരുതെന്നും അരഗ്ചി ആവശ്യപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അരഗ്ചിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തു. ഇന്നലെ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ധാരണാപത്രം അന്തിമമല്ലെന്ന് അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ധാരണാപത്രം പുറത്തു വന്നതില്‍ ട്രംപ് രോഷം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അരഗ്ചിയുടെ പ്രതികരണം. ധാരണാപത്രം ഒപ്പിട്ടശേഷം കരാര്‍ നടപ്പാക്കുന്നതിനും മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി 60 ദിവസത്തെ സമയപരിധി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കരാര്‍ നടപ്പാക്കുക രണ്ടു ഘട്ടമായിട്ടായിരിക്കുകയെന്ന് ഇറാന്‍ വിദേശകാരി മന്ത്രി അരഗ്ചി ഇറാന്‍ മാധ്യമത്തോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ വെടിനിര്‍ത്തലും നാവിക ഉപരോധം പിന്‍വലിക്കലും ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടു നല്‍കലും ഉണ്ടാകും. ലെബനോണിലെ വെടിനിര്‍ത്തലും കരാറിന്റെ ഭാഗമാണ്. രണ്ടാം ഘട്ടത്തില്‍ ഇറാന്റെ ആണവ പദ്ധതിയെപ്പറ്റിയുള്ള ചര്‍ച്ചയും മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിഷയം കരാറില്‍ ഇല്ല. കരാറിനുശേഷവും ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ നിയന്ത്രണം തുടരുമെന്നും അരഗ്ചി വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *