കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര സാധ്യമാക്കിയ പ്രിയദർശിനി പദ്ധതി സമൂഹത്തിൽ സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന മഹത്തായ മുന്നേറ്റമാണെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്തരക്കാർക്കും സാധാരണക്കാർക്കും വലിയ ആശ്വാസമായി സൗജന്യ യാത്രാ പദ്ധതി മാറും. വർഷം 30,000 മുതൽ 60,000 രൂപ വരെ യാത്രാക്കൂലി ഇനത്തിൽ സ്ത്രീകൾക്ക് ലാഭിക്കാൻ കഴിയുന്നത് കുടുംബ ബജറ്റിന് കരുത്താവും. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരണവും കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയും യാഥാർത്ഥ്യമായതോടെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച രണ്ട് പ്രധാന വാഗ്ദാനങ്ങൾ സർക്കാർ യാഥാർത്ഥ്യമാക്കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സർക്കാറിന് വരുന്ന അധിക ചെലവ് ഒരു ബാധ്യതയായല്ല, മറിച്ച് ഉത്തരവാദിത്തമായാണ് ഏറ്റെടുക്കുന്നത്. സമൂഹത്തിലെ ഓരോ ജനവിഭാഗങ്ങളുടെയും മുഖത്ത് തെളിയുന്ന പുഞ്ചിരിയാണ് ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവന് മന്ത്രി ടി സിദ്ധിഖ് പ്രിയദർശിനി പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ടിക്കറ്റ് നൽകി. തുടർന്ന് ആദ്യ സർവീസ് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. യാത്രാക്കാരെ ബസിൽ കയറി മന്ത്രി അഭിവാദ്യം ചെയ്തു. നിരവധി സ്ത്രീകളാണ് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടന സർവീസിൽ തന്നെ യാത്ര ചെയ്യാൻ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ എത്തിയിരുന്നത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അദ്ധ്യക്ഷയായി. ജില്ലാ ട്രാൻസ്ർപോർട്ട് ഓഫീസർ ടി.ആർ രാജേഷ്, ഡിപ്പോ എഞ്ചിനീയർ സലാമത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, യാത്രക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ജില്ലയിലെ മൂന്ന് ഡിപ്പോകളിൽ നിന്നായി ആകെ 169 സർവീസുകളിലാണ് സൗജന്യ യാത്ര ലഭ്യമാവുന്നത്. മാനന്തവാടി ഡിപ്പോയിൽ നിന്ന് 68ഉം സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് 59ഉം കൽപ്പറ്റ ഡിപ്പോയിൽ നിന്ന് 42ഉം സർവീസുകളിലുമാണ് സൗജന്യ യാത്ര ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് ജില്ലകളിൽ നിന്നെത്തുന്ന ഓർഡിനറി ബസുകളിലും സൗജന്യ യാത്ര ചെയ്യാം. ഓർഡിനറി സർവീസുകൾക്ക് പുറമെ സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി എന്നിങ്ങനെ ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്ക് പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്ര സാധ്യമാവും.
