കല്‍പ്പറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (WLF) മൂന്നാമത് എഡിഷന്‍ 2026 ഡിസംബര്‍ 20, 21, 22, 23 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷവും ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും.

സംവാദങ്ങള്‍, സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ്‌ക്കൊപ്പം വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. സാഹിത്യരംഗത്തും അക്കാദമികരംഗത്തും ആഗോളപ്രശസ്തരായ നിരവധി പേർ അന്താരാഷ്ട്ര അക്കാദമിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി വയനാട്ടില്‍ എത്തിച്ചേരും.

2022-ലും 2024-ലും വിജയകരമായി നടത്തി സാഹിത്യാസ്വാദകരുടെയും നിരൂപകരുടെയും പൊതുജനങ്ങളുടെയും പ്രശംസ നേടിയതാണ് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. 2024-ൽ നടന്ന ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിൽ ഒരുലക്ഷത്തി പതിനായിരത്തിലധികം ആളുകളാണ് നേരിട്ട് പങ്കെടുത്തത്. കൂടാതെ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ഫെസ്റ്റിവലിന്റെ ഉള്ളടക്കം ലോകമെമ്പാടുമുള്ള ഏഴ് കോടിയിലധികം (70 മില്യൺ) ആളുകളിലേക്ക് എത്തിച്ചേരുകയും വൻ ഡിജിറ്റൽ ഫൂട്ട്പ്രിന്റ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. 

2022-ൽ മുഖ്യമന്ത്രി പിണറായി വിജയനും 2024-ൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് WLF ഉദ്ഘാടനം ചെയ്തത്. ഈ വർഷത്തെ WLF എഡിഷനിൽ പങ്കെടുക്കുന്ന എഴുത്തുകാരുടെയും, കലാകാരന്മാരുടേയും പ്രമുഖ വ്യക്തികളുടെയും വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *