കേരള-കര്‍ണ്ണാടക സര്‍ക്കാരുകളുടെ ഏകോപനത്തോടെ ബൈരക്കുപ്പ പാലത്തിനായുള്ള സാധ്യതകള്‍ പരിശോധിച്ചതായും സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നും എം.പി പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. ബൈരക്കുപ്പ പാലവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കത്തയക്കുകയും പദ്ധതി പ്രദേശം നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. കര്‍ണ്ണാടക ഭാഗത്ത് നിന്നുള്ള വന ഭൂമിയിലൂടെയുള്ള വഴിക്ക് പകരമായി റവന്യൂ ഭൂമിയിലൂടെയുള്ള പാത കണ്ടെത്തിയതായും പദ്ധതിയ്ക്കായി വേഗത്തില്‍ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി പറഞ്ഞു. ചുരം-ബൈപ്പാസ് റോഡ്, തളിപ്പുഴ-ചിപ്പിലിത്തോട് റോഡുകളുട നിര്‍മ്മാണ താമസം കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പിഎം ജര്‍മന്‍ പദ്ധതികള്‍ക്ക് കീഴിലെ ഫണ്ട് വൈകല്‍, കാപ്പി കര്‍ഷകരുടെ പ്രതിസന്ധികള്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തിയതായും എം.പി യോഗത്തില്‍ അറിയിച്ചു.

വയനാട് മെഡിക്കല്‍ കോളേജ്, ട്രൈബല്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍, ജില്ലയിലെ വിവിധ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ട്രൈബല്‍ യൂണിവേഴ്‌സിറ്റിയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സായി മാറ്റി ഗോത്ര വിഭാഗത്തിന്റെ സംസ്‌കാരം- പാരമ്പര്യം സംരക്ഷിച്ച് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നകയാണ് ലക്ഷ്യമെന്നും എം പി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യത്തിന് ഫണ്ട് അനുവദിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുല്‍, ആയുഷ്മാന്‍ ഭാരത് കുടിശ്ശിക തീര്‍പ്പാക്കല്‍, ആശാ വര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്റീവ് കുടിശ്ശിക ലഭ്യമാക്കല്‍ എന്നിവ വേഗത്തില്‍ പരിഹരിക്കാമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയതായി എം.പി പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എം.പി നിര്‍ദേശം നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയിലെ 37,033 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതായും ഇതുവഴി 8,50,127 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും പ്രൊജക്ട്് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കുടിവെള്ളം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ശുചിത്വം, റോഡ് തുടങ്ങി ജനങ്ങളുടെ പ്രാദേശിക ആവശ്യങ്ങള്‍ക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എം.പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടപ്പാക്കാനായി നിര്‍ദ്ദേശിച്ച 62 പദ്ധതികളില്‍ നിന്നും 47 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു. ഇതില്‍ എട്ട് പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കുകയും 39 പദ്ധതികള്‍ പുരോഗമിക്കുന്നതായും യോഗത്തില്‍ വിലയിരുത്തി. വയനാട് പാക്കേജിലൂടെ ജില്ലയുടെ വികസനത്തിനായി 2022-2026 കാലയളവില്‍ ആകെ 116 പദ്ധതികള്‍ക്കായി 18,644.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ ആറ് പദ്ധതികള്‍ പൂര്‍ത്തിയാവുകയും 110 എണ്ണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന പുല്‍പള്ളി സി.എച്ച്.സി ബി.എഫ്.എച്ച്.സിയാക്കി മാറ്റുന്ന പ്രവര്‍ത്തിന്റെ 95 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ദ്രവ മാലിന്യ പ്ലാന്റ് സ്ഥാപിക്കല്‍, മാനന്തവാടിയില്‍ മോഡേണ്‍ മോര്‍ച്ചറി കോംപ്ലക്‌സ് നിര്‍മ്മാണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നടക്കുന്നതായും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 50 കിടക്കകളോടെയുള്ള ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന് 20.94 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.

പ്രധാന്‍ മന്ത്രി ആവാസ് യോജന, പി.എം.എ.വൈ, പി.എം-ജന്‍മന്‍, പ്രധാന്‍ മന്ത്രി കൃഷി സിഞ്ചായീ യോജന, പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന പദ്ധതി, ഉച്ചഭക്ഷണ പദ്ധതികള്‍ യോഗത്തില്‍ വിലയിരുത്തി. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ആന്‍ഡ് മിഷന്‍ ശക്തി പദ്ധതി ജില്ലയില്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് അധികൃതരെ എം.പി യോഗത്തില്‍ അഭിനന്ദിച്ചു. വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സദ്ധീഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം ക അജീഷ്, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *