പാർലമെൻന്റിന്റെ വർഷകാല സമ്മേളനം ഈ മാസം ഇരുപതിന് ആരംഭിക്കും. ഓഗസ്റ്റ് പതിമൂന്ന് വരെയുള്ള സമ്മേളനത്തിൽ ആകെ 19 പ്രവർത്തി ദിനങ്ങളാണുള്ളത്. ഭരണഘടന ഭേദഗതി ബില്ലുകൾ അടക്കം നിർണായക ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി ടിഎംസി, ശിവസേന ഉദ്ദവ് പക്ഷം എന്നിവയുടെ പിളർപ്പിൽ സ്പീക്കറുടെ തീരുമാനം ഉണ്ടാകും.

പാർലമെന്റിന്റെ നിർണായക സമ്മേളനമാണ് ഈ മാസം 20ന് ആരംഭിക്കുന്നത്. ജയിൽ ശിക്ഷ വിധിച്ചാൽ മന്ത്രിസ്ഥാനം തെറിക്കുന്ന ഭരണഘടനയുടെ 130 ആം ഭേദഗതി ബില്ല് സമ്മേളന കാലയളവിന്റെ ആദ്യം തന്നെ ചർച്ചയ്ക്ക് എടുത്തേക്കും. ഈ മാസം 17 ന് ബില്ലിൽ ജെപിസിയുടെ റിപ്പോർട്ട് അംഗീകരിക്കും. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണം ഒഴിവാക്കിയ എഫ്സിആർഎ ചട്ട ഭേദഗതി ബില്ലും ഇത്തവണ സഭയിലെത്തിയേക്കും.

കഴിഞ്ഞ സമ്മേളനത്തിൽ ബിജെപിക്ക് അംഗ ബലമില്ലാത്തതിനാൽ പാസാകാതെ പോയ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും കൊണ്ടുവരാനുള്ള നീക്കവും സജീവമാണ്. ടിഎംസിയുടെയും ശിവസേന ഉദ്ദവ് പക്ഷത്തെയും പിളർപ്പിൽ വിമതർക്ക് അനുകൂലമായി സ്പീക്കർ നിലപാട് എടുക്കുമോ എന്ന ആകാംക്ഷയും നിലനിൽക്കുന്നുണ്ട്.

ഡിഎംകെ ഇന്ത്യ സഖ്യം വിട്ട പശ്ചാത്തലത്തിൽ സഭയ്ക്കകത്ത് പുതിയ സമവാക്യങ്ങളാണ് ഉരുത്തിരിയുന്നത്. നീറ്റ് യുജി ചോദ്യപേപ്പർ ക്രമക്കേടും അയോധ്യ സംഭാവന കൊള്ളയും ഉൾപ്പെടെ ഭരണകക്ഷിയെ മുൾമുനയിൽ നിർത്താൻ പ്രതിപക്ഷവും പദ്ധതിയിടുന്നു. ചൂടേറിയ വാഗ്വാദങ്ങൾക്കായിരിക്കും ലോക്സഭയും രാജ്യസഭയും സാക്ഷ്യം വഹിക്കാൻ പോകുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *