കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തിവന്ന അഞ്ച് വിദ്യാര്‍ഥികളെ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി. ജന്തര്‍ മന്തറിലെ പ്രതിഷേധം രാജ്യത്തെ ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സിജെപി വ്യക്തമാക്കി.

ഡല്‍ഹിയിലെ കടുത്ത ചൂടില്‍ തുടരുന്ന നിരാഹാര സമരം സോനം വാങ്ചുകിന്റെ ആരോഗ്യനില അതീവ ഗുരുതരമായി ബാധിച്ചതായി സിജെപി നേതൃത്വം അറിയിച്ചു. ശരീരഭാരം ആറ് കിലോയോളവും, രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞു. എന്നാല്‍, പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം.

സോനം വാങ്ചുകിനൊപ്പം നിരാഹാരം ആരംഭിച്ച ജെഎന്‍യുഎസ്‌യു ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി അടക്കം അഞ്ചു വിദ്യാര്‍ഥികളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി. അടുത്തഘട്ടത്തില്‍ പ്രതിഷേധം രാജ്യത്തെ വിവിധ ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

പ്രധാനമന്ത്രി മൗനം വെടിയണമെന്നും വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സിജെപിപ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്ത് അയച്ചിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച സിജെപിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച ജന്തര്‍ മന്തറിലെ സമരവേദിയില്‍ എത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *