എറണാകുളം അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവുമായി നാല് ഇതര സംസ്ഥാനക്കാര്‍ പിടിയിലായി. ട്രെയിന്‍ മാര്‍ഗ്ഗം ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. കോഴിക്കോട് കൊടുവള്ളിയില്‍ 36 ഗ്രാം എംഡിഎംഐയുമായി മൂന്നുപേര്‍ പിടിയിലായി.

ഈ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇന്ന് പുലര്‍ച്ചെ അങ്കമാലിയില് നടന്നത്. കറുകുറ്റി റെയില്‍വേ സ്റ്റേഷനു മുന്നില്‍ നടത്തിയ പരിശോധനയില്‍ 110 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാര്‍ പിടിയിലാവുകയായിരുന്നു. എക്‌സൈസ് അങ്കമാലി റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായിരുന്നു പരിശോധന. ഒഡീഷാ സ്വദേശികളായ നാലു പേരാണ് പാക്കറ്റുകളില്‍ ആക്കി ട്രാവല്‍ ബാഗുകളില്‍ കഞ്ചാവ് കടത്തിയത്. ബാലഭദ്ര ധരുവ, ലക്ഷ്മണ്‍ പത്ര, തരാശ്വര്‍ പത്ര, പ്രദീപ് ഗഡ്ഡേ എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് ചില്ലറ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്ന് എക്‌സൈസ്.

കഞ്ചാവ് കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെയും മുഖ്യ കണ്ണികളെയും കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, കോഴിക്കോട് കൊടുവള്ളിയില്‍ 36 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയിലായി. ചെറിയ പാക്കറ്റുകളില്‍ ആക്കി കാറില്‍ സഞ്ചരിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. ലഹരി വില്പനയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിവന്ന യുവതിയെയും വടകര പോലീസും കോഴിക്കോട് റൂറല്‍ ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. മരുതോങ്കര സ്വദേശി കീര്‍ത്തനയാണ് അറസ്റ്റിലായത്. ലക്ഷക്കണക്കിന് പണം കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് ലഹരി വില്പനയുടെ ഭാഗമായി എത്തിയിരുന്നെന്നും പൊലീസ് പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *