മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലില്‍ മര്‍ദനമേറ്റ് കുട്ടിയുടെ കൈ ഒടിഞ്ഞ സംഭവത്തില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. കല്ലിങ്ങല്‍ എംഎസ്എം എച്ച്എസ്എസിലെ അധ്യാപകന്‍ ബല്‍രാജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.
വെള്ളിയാഴ്ചയായിരുന്നു കല്ലിങ്ങല്‍ സ്വദേശിയായ 10 വയസുകാരിക്ക് അധ്യാപകന്റെ മര്‍ദനമേല്‍ക്കുന്നത്. പനിയായതുകാരണം മൂന്ന് ദിവസം അവധിയായിരുന്ന കുഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം. നോട്ട്ബുക്കില്‍ എഴുതിക്കൊണ്ടിരിക്കേ അധ്യാപകന്‍ കുട്ടിയെ മര്‍ദിക്കുകയായിരുന്നു. വലത് കൈപ്പത്തിക്കായിരുന്നു അടിച്ചത്. ചൂരല്‍ കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ കൈപ്പത്തിയുടെ ഭാഗം പൊട്ടി. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സ്‌കൂള്‍ മാനേജ്‌മെന്റിനും പരാതി നല്‍കി.
പൊലീസിന് നല്‍കിയ പരാതിയിന്‍മേല്‍ പൊലീസ് കേസെടുക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അധ്യാപകനിപ്പോള്‍ തവനൂര്‍ ജയിലിലാണ്. അതേസമയത്ത് തന്നെയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി വന്നത്. അധ്യാപകനെതിരെ മറ്റു വിദ്യാര്‍ഥികളും സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്.
