കൊച്ചി: അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി റാമിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി ഹൈക്കോടതി. ഡോക്ടർ റാമിനെ വെറുതെ വിട്ട കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത്. അന്വേഷണത്തിൽ പൊലീസിന്‍റെ ഭാഗത്തു നിന്നും വലിയ വീഴ്ചയുണ്ടായതായും കോടതി പറഞ്ഞു. കേസ് പരിഗണിച്ച സെഷൻസ് ജഡ്ജിന്‍റെ നടപടിക്രമങ്ങളിൽ വീഴ്ച വന്നിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പൊലീസിന്‍റെ ഭാഗത്തു നിന്നും തുടക്കത്തിൽ തന്നെ ഒത്തുകളിയുണ്ടായി. പ്രതി ഡോക്ടർ റാമിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യം പൊലീസ് ഒരുക്കി. കേസിൽ ഉന്നതുടെ സ്വാധീനവും ഗൂഢാലോചനയും ഉണ്ട്. പണത്തിന്‍റെ ഹുങ്കിൽ എന്തും ചെയ്യാമെന്ന ധാരണ പ്രതിക്ക് ഉണ്ടായി, ഇതിന് പൊലീസ് കൂട്ടുനിൽക്കുകയും ചെയ്തതായും കോടതി വിമർശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതു കൊണ്ടുമാത്രം വീഴ്ചകൾ മറക്കാൻ കഴിയില്ല. പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യം പൊലീസ് സൃഷ്ടിച്ചതായും കോടതി പറഞ്ഞു.

ഈ കേസിൽ എന്താണ് നടക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും കോടതി പറഞ്ഞു. ഇത്രയും വലിയ വീഴ്ച അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തു നിന്നും വന്നെങ്കിലും സർക്കാർ യാതൊരു നടപടിയും എടുക്കാത്തതിനെയും കോടതി വിമർശിച്ചു. പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച കോടതി സർക്കാരിനോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *