തിരുവനന്തപുരം: റാഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എം. ശ്രീയിൽ ഉപസമിതി റിപ്പോർട്ട് വന്നിട്ടില്ല. ഡൽഹി സംഘർഷത്തിൽ പൊലീസ് നടപടി വളരെ മോശമായ രീതിയിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇന്നലെ ഡൽഹിയിൽ നടന്നത് നരനായാട്ടാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ പ്രമേയം പാസാക്കും. സമരത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ പിന്തുണ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ വിദ്യാർഥിയുടെ മരണത്തിൽ വകുപ്പ് മേധാവി ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച സംഭവിച്ചുവെന്നും ആഭ്യന്തര മന്ത്രി തുടർനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ടാറ്റയുടെ പ്രതിനിധി തന്നെ വന്ന് കണ്ട് സംസാരിച്ചുവെന്നും ടാറ്റ കൂടുതൽ നിക്ഷേപം നടത്തുമെന്നാണ് അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യുവിന്റെ പരാതി കേട്ടു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസിന് തന്നെ കാണാൻ അനുമതി നിഷേധിച്ചെന്ന വാർത്ത തെറ്റാണ്. ‘ആർക്കും വന്ന് തന്നെ കാണാം. ഒരാൾക്കും എന്റെ ഓഫിസിൽ അനുമതി നിഷേധിച്ചിട്ടില്ല. ഏറ്റവും സാധാരണക്കാർ മുതൽ പ്രധാനപ്പെട്ട ആളുകളെ വരെ കാണുന്നുണ്ട്. ഞാൻ ആരെയും കാണുന്നില്ല എന്ന് പറയരുത്’ അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എച്ച്. കോളജിൽ വെച്ച് അലോഷ്യസിനെ ഞാൻ കണ്ടിട്ടില്ല. ഞാൻ ഉള്ള ഫ്രെയിമിൽ ഉള്ളത് പിന്നീടാണ് കണ്ടത്. തിരക്കിനിടയ്ക്ക് പോയപ്പോൾ കാണാത്തതാണെന്നും സതീശൻ പറഞ്ഞു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ താൻ പറഞ്ഞത് കെ.എസ്.യുവിനെക്കുറിച്ചല്ലെന്നും ലോ കോളജിലെ യൂണിറ്റിനെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്ലീഡർ നിയമനത്തിൽ കെ.എസ്.യുവിന് കാര്യമില്ലെന്ന് താൻ പറഞ്ഞെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.
