ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. വൈകാതെ സേവനം ആരംഭിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. നിലവില്‍ ഈ മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാകും ഇതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുക. അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും സേവനം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുക. ഫ്‌ളിപ്കാര്‍ട്ടിന്റെ ക്വിക്ക് കൊമേഴ്‌സ് സേവനമായ ‘ഫ്‌ളിപ്കാര്‍ട്ട് മിനിറ്റ്‌സ്’ അവതരിപ്പിച്ചതും ഇതേ മാതൃകയിലായിരുന്നു. നിലവില്‍ സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലര്‍ത്തുന്ന ഫുഡ് ഡെലിവറി വിപണിയിലേക്ക് ഫ്‌ളിപ്കാര്‍ട്ടിന്റെ വലിയ ഉപഭോക്തൃ അടിത്തറയും ശക്തമായ ലോജിസ്റ്റിക്‌സ് ശൃംഖലയും എത്തുന്നതോടെ മത്സരരംഗം കൂടുതല്‍ ചൂടുപിടിക്കും.

ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രധാന ആപ്പിലൂടെയും ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. കേന്ദ്ര സര്‍ക്കാരിന്റെ ‘ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്’ പ്ലാറ്റ്ഫോമുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കുകയെന്നാണ് വിവരം. പുതിയ പ്ലാറ്റ്‌ഫോമിന്റെ പേരോ ഏത് നഗരത്തിലായിരിക്കും ആദ്യം തുടങ്ങുകയെന്നോ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *