കൊച്ചി: മാതാപിതാക്കളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറവായതിന്റെ പേരില്‍ ബാങ്കുകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാകുമെന്ന് ഹൈക്കോടതി. സഹ അപേക്ഷകരായ മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ കുറവായതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എം എ അബ്ദുല്‍ ഹക്കീം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, സിബില്‍ സ്‌കോര്‍ കുറഞ്ഞ മാതാപിതാക്കള്‍ക്കുപകരം മതിയായ ക്രെഡിറ്റ് സ്‌കോറുള്ള മറ്റൊരു വ്യക്തിയെ സഹ-അപേക്ഷകനായി ഹാജരാക്കിയാല്‍ ഹര്‍ജിക്കാരുടെ അപേക്ഷകള്‍ പുനഃപരിശോധിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞു. 2005-ലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റെഗുലേഷന്‍) ആക്ടിന്റെ ലക്ഷ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ ബാങ്ക് സഹ-വായ്പക്കാരന്റെ ക്രെഡിറ്റ് സ്‌കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന്റെ പേരില്‍ മൗലികാവകാശം നിഷേധിക്കപ്പെട്ടു എന്നും പറയാനാകില്ല.

വിദ്യാഭ്യാസവായ്പ അനുവദിക്കുന്നതില്‍ ബാങ്കുകളുടെ അസോസിയേഷന്‍ നിശ്ചയിച്ച ഐബിഎ മാതൃകാ വിദ്യാഭ്യാസ വായ്പാസ്‌കീമിലെയും മാസ്റ്റര്‍ സര്‍ക്കുലറുകളിലെയും നിബന്ധനകള്‍ പാലിക്കാന്‍ അപേക്ഷകര്‍ ബാധ്യസ്ഥരാണ്. കേന്ദ്ര സര്‍ക്കാരിന്റെ സിജിഎഫ്എസ്ഇഎല്‍ പദ്ധതി വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നില്ലെന്നും അത് വായ്പാ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് ഗാരന്റി നല്‍കാനുള്ള പദ്ധതി മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസവായ്പ നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നതടക്കമുള്ള വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് ആക്ട് പ്രകാരം അപേക്ഷകരുടെ സാമ്പത്തിക അച്ചടക്കം പരിശോധിക്കുന്നത് അനിവാര്യമാണെന്നും ഇത് കിട്ടാക്കടം കുറയ്ക്കാന്‍ സഹായിക്കുമെന്നും ബാങ്കുകള്‍ ചൂണ്ടിക്കാട്ടി.

By admin

Leave a Reply

Your email address will not be published. Required fields are marked *