മാനന്തവാടി: മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കപ്പെടുന്നില്ലെന്നത് അതീവ ആശങ്കാജനകമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു.കെട്ടിടം പൊളിക്കുന്ന ജോലികള്‍ നടക്കുന്നതിനിടെ റോഡിലൂടെ വാഹനങ്ങളും കാല്‍നട യാത്രക്കാരും സഞ്ചരിക്കുന്ന സമയത്ത് കെട്ടിടാവശിഷ്ടങ്ങള്‍ റോഡിലേക്ക് വീഴുന്ന സാഹചര്യമുണ്ടാകുന്നത് വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. നിര്‍മ്മാണപൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് മതിയായ സുരക്ഷാ വേലി, സംരക്ഷണ വല, മുന്നറിയിപ്പ് ബോര്‍ഡുകള്‍, ഗതാഗത നിയന്ത്രണം എന്നിവ കര്‍ശനമായി ഉറപ്പാക്കേണ്ടതുണ്ട്.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തില്‍ യാതൊരു പ്രവൃത്തിയും അനുവദിക്കരുത്. അതിനാല്‍ മാനന്തവാടി നഗരസഭയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷമേ പൊളിക്കല്‍ ജോലികള്‍ തുടരാവൂ എന്നും ഡിവൈഎഫഐ മാനന്തവാടി ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
