മാനന്തവാടി: സ്ത്രീകളെ സാങ്കേതിക തൊഴില്‍മേഖലയിലേക്ക് കൂടുതല്‍ സജ്ജരാക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കേരളത്തില്‍ ആദ്യമായി വനിതകള്‍ക്കായി മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലന പരിപാടി ആരംഭിച്ചു.നിലവില്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പ്രധാനമായും പുരുഷന്മാര്‍ കൈകാര്യം ചെയ്യുന്ന മേഖലയാണ്. മൊബൈല്‍ ഫോണുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സ്ത്രീകള്‍ കൂടുതലായും പുരുഷ ടെക്‌നീഷ്യന്‍മാരെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. പലപ്പോഴും വ്യക്തിപരമായ വിവരങ്ങളും സ്വകാര്യതയും സംബന്ധിച്ച ആശങ്കകള്‍ക്കും സാമൂഹിക ബുദ്ധിമുട്ടുകള്‍ക്കും ഇത് കാരണമാകാറുണ്ട്. ഈ സാഹചര്യത്തിന് പരിഹാരം കാണുകയും സ്ത്രീകളെ ഈ മേഖലയില്‍ പ്രാവീണ്യമുള്ള സംരംഭകരായും സാങ്കേതിക വിദഗ്ധരായും വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ 30 വനിതകള്‍ക്കാണ് അഞ്ച് മാസത്തെ പരിശീലനം നല്‍കുന്നത്. സെക്ടറല്‍ സ്‌കില്‍ കൗണ്‍സില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. കൂടാതെ ഓരോ പരിശീലനാര്‍ത്ഥിക്കും യാത്രാച്ചെലവിനായി പ്രതിമാസം ?2,500 വീതം ധനസഹായവും നല്‍കും. പ്ലസ് ടു വിജയിച്ച, 18 മുതല്‍ 35 വയസ് വരെയുള്ള വനിതകള്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം.

കേരളത്തില്‍ നബാര്‍ഡ് ആദ്യമായി നടപ്പാക്കുന്ന ഈ സംരംഭം വിജയകരമാകുന്ന പക്ഷം സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് നബാര്‍ഡിന്റെ പദ്ധതി. സ്ത്രീകള്‍ക്ക് സുരക്ഷിതവും മാന്യവുമായ സാങ്കേതിക സേവനങ്ങള്‍ ലഭ്യമാക്കുകയും, അതോടൊപ്പം സ്ത്രീകള്‍ക്ക് പുതിയ തൊഴില്‍സംരംഭക അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ പദ്ധതി ‘ഷീ ടാക്‌സി’ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ‘ഷീ മൊബൈല്‍ റിപ്പയര്‍ യൂണിറ്റുകള്‍’ എന്ന ആശയത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.
പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ശ്രീമതി ഉഷ വിജയന്‍ നിര്‍വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ അധ്യക്ഷത വഹിച്ചു.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ ഫാ. ജോണി കുന്നത്ത്, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, പ്രോഗ്രാം ഓഫീസര്‍ പി. എ. ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സ്ത്രീകള്‍ക്ക് സാങ്കേതിക മേഖലയിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ സേവനരംഗത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി മാതൃകാപരമായ ഇടപെടലാകുമെന്ന് പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *