കല്‍പ്പറ്റ: വിദൂര സ്ഥലങ്ങളില്‍ നിന്നും ഗോത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാവാഹിനി പദ്ധതിയിലൂടെ വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളുകളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ ഉഷ വിജയന്‍. 2026-27 അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ 223 സ്‌കൂളുകളില്‍ നിന്നുള്ള 9524 വിദ്യാര്‍ത്ഥികളാണ് പദ്ധതി ഗുണഭോക്താക്കളായിട്ടുള്ളത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ എടത്തന െ്രെടബല്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാവാഹിനി പദ്ധതി പ്രകാരം വാഹന സൗകര്യം ഉറപ്പാക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.

പുല്‍പ്പള്ളി പെരിക്കല്ലൂര്‍, ബീനാച്ചി പനമരം റോഡുകളുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നെന്മേനി ഗവ വനിതാ ഐ.ടി.ഐക്ക് ഭൂമി ലഭ്യമാക്കുന്നതിന് മാളിക ജി.എല്‍.പി സ്‌കൂളിന്റെ സ്ഥലം വിട്ടു നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷ സര്‍ക്കാറിലേക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. കടമാന്‍തോട് ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പ്രാദേശിക തലത്തില്‍ അടിയന്തരമായി യോഗം ചേരണമെന്ന് എം.പി പ്രിയങ്കഗാന്ധി പ്രതിനിധി കെ.എല്‍ പൗലോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. കടമാന്‍തോട് ഡാം നിര്‍മ്മാണത്തിനുള്ള ഡി.പി.ആര്‍ അന്തിമ ഘട്ടത്തിലാണെന്ന് കാവേരി ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.കലാമുദ്ദീന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *