റിയാദ്: ഗള്‍ഫ് മേഖലയില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടം. വിവിധ ഇടങ്ങളിലായി എട്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയിലെ അസീറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ജീപ്പ് ഒഴുക്കില്‍പ്പെട്ട് ഡ്രൈവര്‍ മുങ്ങിമരിച്ചു. അയല്‍രാജ്യമായ യെമനില്‍ ഇടിമിന്നലില്‍ നാല് സ്ത്രീകളടക്കം ഏഴുപേര്‍ മരിച്ചു.

അസീര്‍ പ്രവിശ്യയിലെ വാദി കഹ്ലയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്വര മുറിച്ചുകടക്കാന്‍ ശ്രമിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ ഒഴുക്കില്‍പ്പെട്ട വാഹനം വെള്ളത്തില്‍ മുങ്ങിതാഴുകയായിരുന്നു. വിന്‍ഡോയിലൂടെ പുറത്തുകടന്ന് രക്ഷപ്പെടാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അതിശക്തമായ കുത്തൊഴുക്ക് കാരണം സമീപത്തുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടുത്താനായില്ല. ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

യെമനില്‍ മിന്നലേറ്റ് ഏഴു പേര്‍ മരിച്ചു

വടക്കന്‍ യെമനിലെ അംറാന്‍ ഗവര്‍ണറേറ്റിലെ അമദ് ഗ്രാമത്തില്‍ കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലില്‍ നാല് സ്ത്രീകള്‍ മരിച്ചു. ഹൂത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ട സോഷ്യല്‍ സൂപ്പര്‍വൈസര്‍ ഒരുക്കിയ വനിതാ പരിപാടിയില്‍ പങ്കെടുക്കാന്‍ വീട്ടില്‍ ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. മറ്റൊരു സംഭവത്തില്‍, അല്‍ഹുദൈദ ഗവര്‍ണറേറ്റിലെ ജബല്‍ റാസ് ജില്ലയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് ദമ്പതികളും മകളും മരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *