തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ആര്‍ടിസി വാങ്ങിയ അത്യാധുനിക വോള്‍വോ ആഡംബര ബസുകള്‍ ഒടുവില്‍ നിരത്തിലിറങ്ങുന്നു. ഓണത്തിന് മുന്നോടിയായി സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം. എന്നാല്‍ മുന്‍പ് വിഭാവനം ചെയ്ത റൂട്ടുകളിലും സര്‍വീസ് രീതികളിലും ബസിന്റെ പേരില്‍ മാത്രവുമല്ല, നിറത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ബസുകള്‍ നിരത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്.

മുന്‍ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നല്‍കിയ ‘ബിസിനസ് ക്ലാസ്’ എന്ന പേര് ഇപ്പോഴത്തെ ഗതാഗത മന്ത്രി സിപി ജോണ്‍ മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ‘എക്‌സിക്യൂട്ടീവ് ക്ലാസ്’ എന്ന പുതിയ പേരിലായിരിക്കും ഇനി ബസുകള്‍ അറിയപ്പെടുക. പേരിന് പുറമെ ബസിന്റെ നിലവിലെ നിറത്തിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ബസിന്റെ പേരും നിറവും മാറ്റുന്നതിനായി മാത്രം ഏകദേശം ഒരു ലക്ഷത്തോളം രൂപ അധികച്ചെലവ് പ്രതീക്ഷിക്കുന്നു.

വിമാനയാത്രയ്ക്ക് സമാനമായ പ്രീമിയം സൗകര്യങ്ങളാണ് ബസുകളില്‍ ഒരുക്കിയിട്ടുള്ളത്. എമിറേറ്റ്‌സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസിന് സമാനമായ അത്യാധുനിക സീറ്റുകളാണ് ബസിലുള്ളത്. പാന്‍ട്രി, ശുചിമുറി, ഓരോ യാത്രക്കാരനും വ്യക്തിഗത ടിവി, വൈഫൈ, മൊബൈല്‍ ചാര്‍ജിങ് സൗകര്യങ്ങള്‍ എന്നിവയുമുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ മൂന്ന് മാസത്തോളമായി വെറുതെയിട്ടിരുന്ന രണ്ട് ബസുകളുടെ റൂട്ടും മാറ്റി. ഒരു ബസ് നേരത്തെ നിശ്ചയിച്ച തിരുവനന്തപുരം – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തും. രണ്ടാമത്തെ ബസ് മുന്‍ നിശ്ചയിച്ച റൂട്ടിന് പകരം അന്തര്‍സംസ്ഥാന റൂട്ടായ ആലപ്പുഴ-ബംഗളൂരു വഴിയിലേക്ക് മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *