2026 നവംബർ 6 വെള്ളി
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ തീരുമാനിച്ചു. വകുപ്പുതല അന്വേഷണച്ചുമതല ഡിജിപി യോഗേഷ് ഗുപ്തക്കാണ് നൽകിയിരിക്കുന്നത്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ കേസ് അട്ടിമറിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം. നിലവിൽ സസ്പെൻഷനിലുള്ള അജിത് കുമാർ, തന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന്
ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. കേസിൽ ഇരകൾക്ക് നീതി നിഷേധിക്കാനും പ്രതികൾക്ക് സംരക്ഷണമൊരുക്കാനും അജിത് ഇടപെട്ടെന്നും കേസ് അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തിയെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിൽ എം.ആർ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരുന്നു.
കൂടുതൽ വിശദീകരണം നൽകാൻ അധികസമയം അനുവദിക്കണമെന്ന അജിത്കുമാറിന്റെ ആവശ്യം സംസ്ഥാന പൊലീസ് മേധാവി തള്ളിയിരുന്നു. സംഭവദിവസം താൻ വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അദ്ദേഹത്തിന്റെ വിശദീകരണം തള്ളിക്കൊണ്ടായിരുന്നു അന്വേഷണം. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടും ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശയും പരിശോധിച്ച ശേഷം മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കർശനമായ നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
