2026 നവംബർ 6 വെള്ളി

തിരുവനന്തപുരം ∙ പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഐശ്വര്യയില്‍നിന്നു പൊലീസിനു ലഭിക്കുന്നതു നിര്‍ണായക വിവരങ്ങള്‍. കൊലയ്ക്കു ശേഷം അഭിരാമിന്റെ മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്തു കൊണ്ടുപോയി നശിപ്പിക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് രണ്ടാം പ്രതി ഉമറിന്റെ കാമുകി ഐശ്വര്യ മൊഴി നല്‍കി. അഭിരാം മരിച്ചുവെന്ന് ഉറപ്പിച്ചതിനു ശേഷം ഒന്നാം പ്രതിയായ പതിനേഴുകാരന്‍ ശ്രീകാര്യത്തെ ഒരു ആക്രിക്കടയില്‍ എത്തി 30 രൂപ കൊടുത്ത് പ്ലാസ്റ്റിക് ചാക്ക് വാങ്ങുകയും ചെയ്തു.

മൃതദേഹം ചാക്കിലാക്കി വാഹനത്തില്‍ മറ്റൊരിടത്തേക്കു കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ രാത്രി പ്രദേശത്തു കനത്ത മഴ പെയ്തതിനാല്‍ ഇതു പാളി. തുടര്‍ന്ന് ചാക്കിലാക്കിയ മൃതദേഹം കൊല നടത്തിയ കാടുപിടിച്ച ഒഴിഞ്ഞ സ്ഥലത്തു തന്നെ ഉപേക്ഷിച്ച് പ്രതികള്‍ മടങ്ങുകയായിരുന്നു. ശ്രീകാര്യത്തെ കടയുടമ പതിനേഴുകാരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ അറസ്റ്റിലായ നാലു പ്രതികളും പരസ്പരവിരുദ്ധമായ മൊഴികളാണു നല്‍കിയിരിക്കുന്നത്. കാപ്പ കേസില്‍ പ്രതിയായിരുന്ന 22കാരനായ ഉമറാണ് കൊലപാതകത്തിന്റെ മുഴുവന്‍ ആസൂത്രണവും നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. അഭിരാമിനെയും തന്നെയും ആക്രമിക്കുമെന്ന് പ്രതികള്‍ മുന്‍പ് തന്നെ ഭീഷണിപ്പെടുത്തിയതായി അഭിരാമിന്റെ സുഹൃത്തും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ചില സ്വകാര്യദൃശ്യങ്ങള്‍ ചോര്‍ന്നതാണ് പ്രശ്‌നത്തിനു കാരണമെന്ന മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതു പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മരിച്ച അഭിരാമിന്റെയും പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതാണ് പൊലീസിനെ കുഴയ്ക്കുന്നത്. പ്രതികള്‍ സംഭവസ്ഥലത്തേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടില്ല. സിസിടിവി കാമറകള്‍ ഇല്ലാത്ത ഉള്‍പ്രദേശങ്ങളിലൂടെയാണ് പ്രതികള്‍ ഇവിടേയ്ക്ക് എത്തിയിരിക്കുന്നത്. അതിനൊപ്പം സംഭവസമയത്ത് വീട്ടിലായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ഉമര്‍ ഫോണ്‍ വീട്ടില്‍ ഓണാക്കി വച്ചതും പൊലീസിനെ കബളിപ്പിക്കുന്നതിന്റെ ഭാഗമായാണ്.

മുന്‍പ് ഒന്നാം പ്രതിയായ പതിനേഴുകാരന് ഒപ്പമുള്ള മോഷണക്കേസുകളിലും സൂത്രധാരന്‍ ഉമറായിരുന്നു. ആശയവിനിമയത്തിന് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കണമെന്ന് പതിനേഴുകാരനെ ഉപദേശിച്ചതും ഉമറായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചു പല മോഷണങ്ങളും ഉമര്‍ ചെയ്തിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. ഉമര്‍ ഒറ്റയ്ക്ക് നടത്തുന്ന മോഷണരീതിയും വ്യത്യസ്തമാണ്. വീടിന്റെ വാതില്‍ തകര്‍ത്തു മാത്രമേ അകത്തു കയറൂ. അക്രമ സ്വഭാവത്തോടു കൂടിയാണു മോഷണം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *