കാവുംമന്ദം: തരിയോട് പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. വെള്ളപ്പൊക്ക ഭീഷണിയിൽ തയ്യിൽ, പൊയിൽ നിവാസികളെ തരിയോട് ജി എൽ പി സ്കൂളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കമ്പനിക്കുന്ന് നിവാസികളെ തരിയോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും ആണ് ക്യാമ്പ് തുടങ്ങി താമസിപ്പിച്ചത്. ഏതാനും കുടുംബങ്ങൾ ബന്ധു വീടുകളിലേക്കും മാറി താമസിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വീടുകൾക്ക് കേടുപാടുകളും ചെറിയ രീതിയിലുള്ള മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. നിലവിൽ മറ്റ് അപകടങ്ങൾ ഇല്ല. ജനപ്രതിനിധികളും വില്ലേജ്, പഞ്ചായത്ത് ജീവനക്കാരും സന്നദ്ധപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
