ഉദയനിധിയുടെ അറസ്റ്റ്, മൊഴിയെടുപ്പിലും തർക്കം. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂരിലെത്തിച്ചു. ഈസ്റ്റ് പൊലിസ് സ്റ്റേഷന് പകരം സെങ്കിപ്പട്ടി പൊലിസ് സ്റ്റേഷനിൽ എത്തിച്ചു. വിചാരണ ഈസ്റ്റ് പൊലിസ് സ്റ്റേഷനിൽ മതിയെന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പൊലിസ് സ്റ്റേഷനിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കണമെന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു.
തുടർന്ന് വാഹനത്തിൽ നിന്നും ഉദയനിധി ഇറങ്ങാൻ കൂട്ടാക്കിയില്ല.പൊലീസ് നിർദേശത്തെ തുടർന്ന് സെങ്കിപ്പട്ടി പൊലിസ് സ്റ്റേഷനിൽ നടപടികൾ പൂർത്തിയാക്കാൻ ഉദയനിധി സമ്മതിച്ചു. വാഹനത്തിൽ നിന്നും ഇറങ്ങി. സ്‌റ്റേഷന് മുന്നിൽ ഡിഎംകെ പ്രവർത്തകർ തടിച്ചു കൂടിയിരിക്കുകയാണ്.
നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം ഉദയനിധിയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉദയനിധിയുടെ മൊഴിയെടുക്കുമെന്ന് വിവരമുണ്ടായിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയായിരുന്നു അറസ്റ്റ്.
ഉദയനിധി സ്റ്റാലിനെതിരെ ഗുരുതര വകുപ്പുകളായിരുന്നു ചുമത്തിയത്. സെക്ഷന്‍ 196 വംശീയാധിക്ഷേപം, സെക്ഷന്‍ 192 കലാപാഹ്വാനം, 352 വ്യക്തി അപമാനം, 79 സ്ത്രീകളുടെ മാന്യതയെ അപമാനിക്കല്‍, 61 ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയത്. അറസ്റ്റിനെ ഒരു തമാശ പോലെയാണ് കാണുന്നതെന്ന് അറസ്റ്റിന് പിന്നാലെ ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. പറഞ്ഞത് തെറ്റായി തോന്നുന്നില്ലെന്നും വിഷയം നിയമപരമായി നേരിടുമെന്നും ഉദയനിധി പറഞ്ഞു. അടിയന്തരാവസ്ഥയേക്കാള്‍ മോശം സാഹചര്യമാണ് ഇപ്പോഴെന്നും ഉദയനിധി പറഞ്ഞു.
