പുല്‍പ്പള്ളി: കേരള കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന വണ്ടിക്കടവ് ഉന്നതിയിലെ 25 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ഇനിയും നടപടിയായില്ല. കബനിയുടെ കൈവഴിയായ കന്നാരം പുഴയോട് ചേര്‍ന്ന വീടുകള്‍ ഇടിയുന്ന അവസ്ഥയാണ്. പുഴയോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളാണ് ഇത് മൂലം ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ചെതലയം വനമേഖലയില്‍ കനത്ത മഴ പെയ്താല്‍ കരകവിയുന്ന കന്നാരം പുഴയിലേക്ക് ഇവരുടെ വീടുകളുടെ തറയുടെ ഒരു ഭാഗം ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്. പകല്‍ പോലും ബന്ദിപ്പൂര്‍ വനമേഖലയില്‍ നിന്ന് ആനയും കടുവയും കാടിറങ്ങുന്ന പ്രദേശമാണ് ഇവിടം. ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വനത്തില്‍ പോകേണ്ട അവസ്ഥയാണ്.ഇവിടുത്തെ പലരുടെയും വീടുകള്‍ അപകടാവസ്ഥയിലാണ്.

പണ്ട് കോണ്‍ക്രീറ്റ് ചെയ്ത വീടുകളെല്ലാം ചോര്‍ന്ന് തറയും ഭിത്തിയുമെല്ലാം വീണ്ടുകീറുന്ന അവസ്ഥയാണ്. വണ്ടിക്കടവ് ഉന്നതിയില്‍ അടിസ്ഥാനസൗകര്യം ഒരുക്കാനും ഇവര്‍ക്ക് തൊഴിലവസരങ്ങള്‍ക്കും പദ്ധതികള്‍ തയ്യാറാക്കുമെന്ന് ജില്ല കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യാഗസ്ഥര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇവിടെയുളള കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ നടപടി വേണമെന്നാണ് ഉന്നതിക്കാരുടെ ആവശ്യം

By admin

Leave a Reply

Your email address will not be published. Required fields are marked *