തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആഡംബര ബസ് ആലപ്പുഴയില്‍ നിന്ന് ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും. ആലപ്പുഴ – ബംഗളൂരു വോള്‍വോ എക്‌സിക്യൂട്ടീവ് സെമി സ്ലീപ്പര്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ആലപ്പുഴ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സി വേണുഗോപാല്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് നിര്‍വഹിക്കും.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി സെമി സ്ലീപ്പര്‍ സീറ്റുകള്‍, എയര്‍ സസ്‌പെന്‍ഷന്‍, ശുചിമുറി ഉള്‍പ്പെടെയുള്ള മികച്ച യാത്രാസൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ആഡംബര ബസുകള്‍ എക്സിക്യൂട്ടീവ് ക്ലാസ് എന്ന പുതിയ പേരിലാണ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത്. ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായ ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്. സര്‍വീസിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ നിന്ന് വൈകീട്ട് അഞ്ചരയ്ക്ക് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂര്‍ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗര്‍, കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55ന് ബംഗളൂരുവില്‍ എത്തിച്ചേരുന്ന വിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന സര്‍വീസ് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയില്‍ എത്തിച്ചേരും. ഓരോ നിരയിലും രണ്ട് സീറ്റുകള്‍ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

സീറ്റുകള്‍ക്കു പിന്നില്‍ പ്രത്യേകം സ്‌ക്രീനുകളും നല്‍കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജിങ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് റാക്ക്, തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. യാത്രക്കാര്‍ക്ക് www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയോ 9447071021 എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *