ആലപ്പുഴ: കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടിയെ തലയില്‍ വലിയ കല്ലിട്ടു കൊലപ്പെടുത്താനായിരുന്നു പ്രതികളായ കൗമാരസംഘം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ്. 2017-ല്‍ പുറത്തിറങ്ങിയ ‘സ്‌പൈഡര്‍’ എന്ന തമിഴ് സിനിമയാണ് ഇതിന് പ്രതികള്‍ക്ക് പ്രചോദനമായത്. മുകളില്‍നിന്നു കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രതികളില്‍ ഒരാളാണ് ഈ ആശയം മുന്നോട്ടു വെച്ചത്. നേരിട്ടു കൊല്ലുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഇതുവഴി ഒഴിവാക്കാനാകുമെന്നും പ്രതികള്‍ കണക്കുകൂട്ടി.

വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷന്‍ നല്‍കിയ 13 കാരി പെണ്‍കുട്ടി ഉറപ്പാക്കിയിരുന്നു. ഇക്കാര്യം പ്രതികളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഓടിട്ട വീടിന്റെ മച്ചാണ് പ്രതികളുടെ പ്ലാന്‍ നടപ്പാക്കുന്നതിന് തടസ്സമായത്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയെത്തിയ പ്രതികള്‍ ശിവന്‍കുട്ടി താമസിക്കുന്ന വാടകവീടിന്റെ പുരപ്പുറത്തു കയറി. പലഭാഗങ്ങളില്‍ ഓടിളക്കി നോക്കി. മച്ചുള്ളതിനാല്‍ കല്ലിട്ടു കൊല്ലാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി. മച്ചില്ലാത്ത ഭാഗത്തുകൂടി ഉള്ളിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.

ഇതേത്തുടര്‍ന്നാണ് ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ അകത്തു കടന്നത്. തുടര്‍ന്ന് തലയ്ക്ക് അടിച്ചുവീഴ്ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കും പുലര്‍ച്ചെ മൂന്നു മണിക്കും ഇടയിലായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകം എങ്ങനെ നടപ്പാക്കണമെന്ന് പെണ്‍കുട്ടിയും കൂട്ടാളികളായ സംഘവും സാമൂഹികമാധ്യമങ്ങളിലൂടെ അടക്കം നിരന്തരം ചര്‍ച്ചചെയ്തിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *