സുൽത്താൻ ബത്തേരി: വയനാട് ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ കേസുകളിലെ രണ്ട് കൂട്ടുപ്രതികളെക്കൂടി പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ എം. രവി (48), എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും (SAGOC) സുൽത്താൻ ബത്തേരി പോലീസും ചേർന്ന് മലപ്പുറം ഐക്കരപ്പടിയിലെ വാടകമുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ മാല കവർച്ചാ കേസുകളുമായി ബന്ധപ്പെട്ട് ജില്ലയിൽ പിടിയിലായവരുടെ എണ്ണം ഏഴായി ഉയർന്നു.
കഴിഞ്ഞ ഓഗസ്റ്റ് 17-ന് അമ്മായിപ്പാലത്തുനിന്നും സുൽത്താൻ ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്ത നെന്മേനി സ്വദേശിനിയുടെ മൂന്ന് പവന്റെ സ്വർണ്ണമാല കവർന്ന കേസിൽ മണിക്കൂറുകൾക്കകം മധുരൈ സ്വദേശിനികളായ ഈശ്വരി, കണ്ണകി എന്ന അർച്ചന എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഭർത്താക്കന്മാരും കവർച്ചാ സംഘത്തിലെ പ്രധാനികളുമായ രവിയിലേക്കും മാരിമുത്തിലേക്കും പോലീസ് എത്തിയത്. മോഷണം നടത്തി ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾ വിൽപന നടത്തി പണം വീതിച്ചെടുക്കുന്നതായിരുന്നു ഇവരുടെ രീതി. പ്രതികൾക്കെതിരെ മുൻപും കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസുകളുണ്ട്.
കഴിഞ്ഞദിവസം മാനന്തവാടിയിൽ വെച്ച് പുൽപ്പള്ളി അമരക്കുനി സ്വദേശിനിയുടെ മാല കവരാൻ ശ്രമിച്ച കേസിൽ പോലീസ് പിടികൂടിയ മൂന്ന് തമിഴ്നാട് സ്വദേശിനികളായ ഇന്ദുമതി (49), ജാൻവി (34), സുധ (31) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ബസിൽ വെച്ച് ഡോക്ടറാണെന്ന് പരിചയപ്പെടുത്തി വയോധികയുമായി സൗഹൃദം സ്ഥാപിച്ച ശേഷം മാല കവരാൻ ശ്രമിച്ച പ്രതികളെ പീച്ചങ്കോട് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങളായ സാഗോക്ക് (SAGOC), ഡാൻസാഫ് (DANSAF), മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്, ഡിവൈ.എസ്.പിമാരായ എം.എം. അബ്ദുൾ കരീം, ടി.എ. അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ റെയ്ഡുകളിലൂടെയാണ് പ്രതികളെ വലയിലാക്കിയത്.

