തരിയോട്: കഴിഞ്ഞദിവസം തരിയോട് പ്രദേശത്ത് ഇറങ്ങിയ മുറിവാലൻ കാട്ടാന വ്യാപകമായ കൃഷിനാശം വരുത്തുകയും വാഹനങ്ങൾക്ക് നേരെ ആക്രമണശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ പ്രദേശത്തെ കൃഷിഭൂമിയും കർഷകരെയും കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ വിള നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. പ്രദേശത്തെ സ്വൈര്യ ജീവിതം ഉറപ്പ് വരുത്തുന്നതിനും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയുന്നതിനും സാങ്കേതിക കുരുക്കിൽ തട്ടി നിൽക്കുന്ന ഫെൻസിംഗ് നിർമ്മാണ പ്രവർത്തികൾ അടിയന്തരമായി പുനരാരംഭിക്കുന്നതിനും വനം വകുപ്പ് സ്ഥാപിക്കുന്ന തെരുവ് വിളക്കുകളുടെ പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനും ഇടപെടലുകൾ ഉണ്ടാവണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തിര ജന ജാഗ്രത സമിതി യോഗം വിളിച്ചുചേർത്ത് തുടർനടപടികൾ സ്വീകരിക്കും. വന്യജീവി ആക്രമണങ്ങളിലെ വിള നാശം സംബന്ധിച്ച നഷ്ടപരിഹാര തുകയിൽ വർദ്ധന വരുത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ വനംവകുപ്പുമായി ചേർന്ന് പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു, വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി, വനസംരക്ഷണ സമിതി പ്രസിഡണ്ട് സണ്ണി ജോർജ്, മറ്റു ജനപ്രതിനിധികൾ, വനം വകുപ്പ് ജീവനക്കാർ, വനസംരക്ഷണ സമിതി പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.
