പ്രളയബാധിതർക്ക് കൈത്താങ്ങായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി; 200 ഭക്ഷ്യ-ശുചിത്വ കിറ്റുകൾ വിതരണം ചെയ്തു
മാനന്തവാടി: — പ്രളയവും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന
വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതിനായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യു.എസ്.എസ്.എസ്) 200 ഭക്ഷ്യ-ശുചിത്വ കിറ്റുകൾ വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യയുടെ പിന്തുണയോടെയാണ് ദുരിതബാധിതർക്കായി ഈ അടിയന്തര സഹായ കിറ്റുകൾ ലഭ്യമാക്കിയത്.
കിറ്റുകളുടെ വിതരണോദ്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ നിർവ്വഹിച്ചു. ഡബ്ല്യു.എസ്.എസ്.എസ് ജോയിന്റ് ഡയറക്ടർ ഫാ. ജോണി കുന്നത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, എടവക ഗ്രാമപഞ്ചായത്ത് അംഗം ഗോൾഡ ഷിനോജ് എന്നിവർ സംസാരിച്ചു. ദുരന്തസമയത്ത് ദുർബല കുടുംബങ്ങൾക്ക് വ്യക്തിഗത ശുചിത്വ സാമഗ്രികളും ഭക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൊസൈറ്റി ഈ പദ്ധതി നടപ്പിലാക്കിയത്.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും കിറ്റുകളുടെ വിതരണത്തിനും പ്രോജക്ട് കോഓർഡിനേറ്റർ ചിഞ്ചു മരിയ, റീജണൽ കോർഡിനേറ്റർമാരായ ആലീസ് സിസിൽ, ബിൻസി വർഗീസ്, ജിനി ഷിനോജ്, ലിജ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ദുരിതബാധിത കുടുംബങ്ങളുടെ അതിജീവനത്തിനായി വിവിധ പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും, അടിയന്തര സഹായങ്ങൾ ലഭ്യമാക്കിയ കാരിത്താസ് ഇന്ത്യയോട് നന്ദി അറിയിക്കുന്നതായും സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി.
