2026 നവംബർ 28 ശനി

പശ്ചിമ ബംഗാൾ: ബിസ്‌ലേരിക്കെതിരെ വീണ്ടും നിയമനടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. ബംഗാളിലെ ബിസ്‌ലേരി പ്ലാന്റിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. PB 201 എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത് (ഉപയോഗ കാലാവധി: 2027 ജനുവരി 19). പ്രാഥമിക ലാബിലും റഫറൽ ലാബിലും നടത്തിയ പരിശോധനകളും മലിനീകരണം സ്ഥിരീകരിച്ചു. ഇതോടെ ഈ ആഴ്ചയിൽ ബിസ്‌ലേരിക്കെതിരെയുള്ള രണ്ടാമത്തെ നടപടിയാണിത്.

2026 ജൂലൈ 20- നാണ് ജൽപായ്ഗുരി ജില്ലയിലെ തേലിപാറ ഗ്രാമത്തിലുള്ള ബിസ്‌ലേരി പ്ലാന്റിൽ നിന്നാണ് മലിനമായ സാമ്പിൾ ശേഖരിച്ചത്. പരിശോധനാ ഫലങ്ങളെ തുടർന്ന് 2026 ഓഗസ്റ്റ് 12-ന് ഈ ബാച്ചിന്റെ വിൽപ്പന FSSAI നിരോധിക്കുകയും ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകുകയും ചെയ്തു.

നവംബർ 22-നും ബിസ്‌ലേരിക്കെതിരെ FSSAI സമാനമായ നടപടി സ്വീകരിച്ചിരുന്നു. 2025 സെപ്റ്റംബറിൽ ഗോവ പ്ലാന്റിൽ നിർമ്മിച്ച ഒരു ബാച്ചിൽ അനുവദനീയമായ അളവിലും കൂടുതൽ ബ്രോമേറ്റും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) കണ്ടെത്തിയതിനെ തുടർന്നായിരുന്നു അത്. എന്നാൽ, തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും ലാബ് പരിശോധനാ ഫലങ്ങളിൽ വ്യത്യാസങ്ങളുണ്ടെന്നുമാണ് ബിസ്‌ലേരിയുടെ വിശദീകരണം.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള കുപ്പിവെള്ള നിർമ്മാണ കമ്പനികളിൽ പരിശോധന ശക്തമാക്കാൻ FSSAI സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കിടയിൽ പരിഭ്രാന്തി പരത്താനല്ല, മറിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് FSSAI സിഇഒ രജിത് പുൻഹാനി വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *