വനമേഖലകളിൽ കാട്ടുതീ പടരുന്നത് തടയുന്നതിനും വനസമ്പത്ത് സംരക്ഷിക്കുന്നതിനും ജില്ലയിൽ ആദ്യമായി നടപ്പിലാക്കുന്ന ഫോറസ്റ്റ് ഫയർ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനമേഖലകളിൽ നിശ്ചിത വീതിയിൽ സസ്യാവരണം വെട്ടിമാറ്റി തീ പടരുന്നത് തടയുന്നതിനുള്ള പ്രതിരോധ പാത ഒരുക്കുകയാണ് വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഫയർ ലൈൻ നിർമ്മാണത്തിന്റെ ലക്ഷ്യം. വേനൽക്കാലത്ത് കാട്ടുതീയുടെ വ്യാപനം നിയന്ത്രിക്കുന്നതിനും വന്യജീവികൾക്കും വനസമ്പത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും ജനവാസ മേഖലകളിലേക്ക് തീ പടരാതിരിക്കുന്നതിനും ഇത് സഹായകമാകും. വനമേഖലകളിലെ വരൾച്ച കുറയ്ക്കുന്നതിനും മണ്ണ്-ജല സംരക്ഷണം ഉറപ്പാക്കുന്നതിനുമായി മഴക്കുഴികൾ, ട്രെഞ്ചുകൾ, ഗള്ളി പ്ലഗ്ഗുകൾ, ചെക്ക് ഡാമുകൾ തുടങ്ങിയ വിവിധ പ്രവൃത്തികളും വനംവകുപ്പും വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ പദ്ധതിയും സംയുക്തമായി നടപ്പിലാക്കുന്നുണ്ട്. വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പാക്കുന്നതോടെ വന്യജീവികൾ വെള്ളവും തീറ്റയും തേടി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനും സാധിക്കും. വനസംരക്ഷണത്തോടൊപ്പം പ്രാദേശിക തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ, ജില്ലാ വിബി-ജി റാം ജി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ബൈജു മുഖ്യപ്രഭാഷണം നടത്തി. റേഞ്ച് ഓഫീസർ നൗഫൽ, പഞ്ചായത്ത് സെക്രട്ടറി എം.ബി സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതീഷ്, വിജയൻ, പ്രേമ, നൂൽപ്പുഴ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു എന്നിവര്‍ പങ്കെടുത്തു.
തരിയോട് നിര്‍മിക്കുന്ന കൽപ്പറ്റ ബ്ലോക്ക്തല ഫോറസ്റ്റ് ഫയർ ലൈൻ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ നിർവഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി സണ്ണി, തരിയോട് വന സംരക്ഷണ സമിതി പ്രസിഡന്റ് സണ്ണി ജോർജ്, കൽപ്പറ്റ ബിഡിഒ എം.പി രാജേന്ദ്രൻ, ജോയിന്റ് ബിഡിഒ പി.എന്‍ സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. ബിജു, എസ്എഫ്ഒ ബാലകൃഷ്ണൻ, ബിഎഫ്ഒമാരായ പി.സി കേളു, സി എസ് ബിനീഷ് എന്നിവർ പങ്കെടുത്തു.
