2026 നവംബർ 28 ശനി
വയനാട്: വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ മുൻ ജീവനക്കാരുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായി പരാതി. സൊസൈറ്റിയിലെ മുൻ ജീവനക്കാരൻ നൗഷാദ് മാട്ടിൽ ആണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണം എന്നാണ് ആവശ്യം.
2021 ഡിസംബർ രണ്ടിന് ബ്രഹ്മഗിരി ഡെവലപ്മെൻ്റ് സൊസൈറ്റിയിലെ ഭരണസമിതിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിർദ്ദേശപ്രകാരമാണ് മുൻ ജീവനക്കാരുടെ യൂണിയൻ ബാങ്ക് സാലറി അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിച്ചത് എന്നാണ് പരാതി.
പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിനിടെ 2000 രൂപയുടെ മൂന്ന് വ്യാജനോട്ട് പിടികൂടിയിരുന്നു. ഇത് അന്വേഷിക്കാനോ ഇതിന്റെ ഉറവിടം കണ്ടെത്താനോ ശ്രമിച്ചിട്ടില്ല എന്നും പരാതിയിൽ പറയുന്നു. അന്നത്തെ സൊസൈറ്റിയുടെ ചെയർമാൻ കൃഷ്ണപ്രസാദ്, ഡയറക്ടർമാരായ സുരേഷ് താളൂർ, പി.കെ സുരേഷ്, സിഇഒ ഡോ. സുനിൽകുമാർ, മുൻ സിഇമാരായ ബാബുരാജ്, സുജാത എന്നിവർക്കെതിരെയാണ് പരാതി. പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് അന്വേഷണം നടത്തണമെന്നാണ് നൗഷാദിൻ്റെ ആവശ്യം.
