ചെന്നൈ: നടനും തമിഴക വെട്രി കഴകം(ടിവികെ) അധ്യക്ഷനുമായ നടന്‍ വിജയ്‌ക്കെതിരെ കേസ്. ടിവികെ സംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ ബൗണ്‍സര്‍മാര്‍ റാംപില്‍ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയക്ക് പുറമെ ബൗണ്‍സര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂര്‍ സ്വദേശിയായ ശരത് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

വിജയ്ക്കും 10 ബൗണ്‍സര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട ശരത്കുമാര്‍ ഇന്നലെ പേരാമ്പലൂര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. മധുരയില്‍ നടന്ന സംസ്ഥാനസമ്മേളനത്തിനിടെ നീളമേറിയ റാംപിലൂടെ വിജയ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നിരുന്നു. താരത്തിന് സുരക്ഷയൊരുക്കി ബൗണ്‍സര്‍മാരും ഒപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് ശരത് കുമാര്‍ റാംപിലേക്ക് കയറാന്‍ ശ്രമിച്ചത്. ഇയാളെ വിജയ്യുടെ ബൗണ്‍സര്‍മാര്‍ തൂക്കിയെടുത്ത് പുറത്തേക്ക് എറിയുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചു. ഡിഎംകെയുടെ സൈബര്‍ വിഭാഗവും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും വലിയ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. പിന്നാലെയാണ് ചൊവ്വാഴ്ച അമ്മയ്ക്കൊപ്പമെത്തി ശരത് കുമാര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബൗണ്‍സര്‍മാരുടെ നടപടിയില്‍ തനിക്ക് പരിക്കേറ്റുവെന്നും ശരീരത്തിന് വലിയ വേദനയുണ്ടായെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *